കൊവിഡിനെതിരെ നിശബ്ദ സേവനം നടത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിനന്ദിച്ച് മുല്ലപള്ളി

By Web TeamFirst Published Apr 5, 2020, 9:13 PM IST
Highlights

രാജ്യവും സംസ്ഥാനവും കൊവിഡ് രോഗത്തിന്റെ പിടിയിലകപ്പെട്ടപ്പോള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ശിരാസാവഹിച്ച് സ്വയം സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങിയ  കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍മാര്‍ ഇതിനകം ജനഹൃദയങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ടെന്നും മുല്ലപള്ളി

തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം  മാതൃകയായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിശബ്ദ സേവനം നടത്തുന്ന  കോണ്‍ഗ്രസിന്റെ മുഴുവന്‍ സഹപ്രവര്‍ത്തകരേയും ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നുവെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപള്ളി രാമചന്ദ്രന്‍. രാജ്യവും സംസ്ഥാനവും കൊവിഡ് രോഗത്തിന്റെ പിടിയിലകപ്പെട്ടപ്പോള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ശിരാസാവഹിച്ച് സ്വയം സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങിയ  കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍മാര്‍ ഇതിനകം ജനഹൃദയങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ടെന്നും മുല്ലപള്ളി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

സമര്‍പ്പണബോധത്തോടെ പ്രതികൂല സാഹചര്യത്തിലും അപകടകരമായ അവസ്ഥയിലും സേവനമനുഷ്ഠിക്കാന്‍ തയ്യാറായ നിങ്ങളെ കുറിച്ച് ഞാന്‍ അഭിമാനം കൊള്ളുന്നു. രാജ്യം അപകടത്തില്‍പ്പെടുമ്പോള്‍ കടമകള്‍ മറന്ന് പിന്തിയിരുന്നതല്ല കോണ്‍ഗ്രസിന്റെ മഹത്തായപാരമ്പര്യമെന്ന് നിങ്ങള്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചു. ദേശീയപ്രസ്ഥാനകാലത്ത് കോണ്‍ഗ്രസ് നടത്തിയ നിശബ്ദസേവനങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. ഇപ്പോള്‍ നിങ്ങളും പുതിയ ചരിത്ര നിര്‍മ്മിതിയുടെ ഭാഗമായി.

മഹാമാരിക്കെതിരെ  'ഒറ്റക്കെട്ടായ പോരാട്ടം' എന്ന സന്ദേശമാണ് കോണ്‍ഗ്രസ് മുന്നോട്ട് വച്ചത്. രാഷ്ട്രീയ നേട്ടം നോക്കിയുള്ള പ്രവര്‍ത്തനം കോണ്‍ഗ്രസ് കണ്ടിട്ടില്ല. കഷ്ടപ്പെടുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ സംസ്ഥാനത്തെ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും മത്സരിക്കുകയാണ്. ഒരുമയുടെ സന്ദേശമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.

രാഷ്ട്രീയം, മതം, ജാതി, ഭാഷ എന്നിവ നോക്കിയല്ല കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ എത്താത്തിടങ്ങളില്‍ സഹായഹസ്തവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടന്നു ചെന്നു. കൊവിഡിനെ പ്രതിരോധിക്കാനുള്ള മുന്‍കരുതല്‍ എല്ലാം അണുവിട തെറ്റാതെ പാലിക്കാനും ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രത്യേകം ശ്രദ്ധിച്ചു. രാജ്യം അനിവാര്യമായ ലോക്ക് ഡൗണിലേക്ക് പോയപ്പോള്‍ ജനങ്ങള്‍ക്കുണ്ടായ ദുരിതത്തിന് പരിഹാരം കാണാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനുമായി കെപിസിസി ആസ്ഥാനത്ത് ഒരു കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു.

പതിനാല് ജില്ലകളിലും ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി. ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ മികച്ചരീതിയില്‍ ഏകോപിപ്പിച്ച് കൊണ്ട് ഡിസിസി അധ്യക്ഷന്‍മാര്‍ അവരുടെ പ്രാഗല്‍ഭ്യം തെളിയിച്ചു. ജില്ലാ കോണ്‍ഗ്രസ് ഭാരവാഹികള്‍ക്ക് പുറമെ ബ്ലോക്ക്, മണ്ഡലം, വാര്‍ഡ് തലത്തില്‍  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ചുമതലപ്പെടുത്തിയ നേതാക്കന്‍മാരും പ്രവര്‍ത്തകന്‍മാരും നിസ്തുലമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. കെപിസിസി നേതാക്കാന്‍മാരെല്ലാം പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കി.

യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും എംപിമാരുടേയും പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ഒരുമിച്ച് നില്‍ക്കേണ്ട സമയത്ത് രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യമിട്ടുള്ള ഒട്ടും ആത്മാര്‍ത്ഥയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നത് നിര്‍ഭാഗ്യകരമാണെന്നും മുല്ലപള്ളി കൂട്ടിച്ചേര്‍ത്തു.


 

click me!