കൂട്ടത്തോൽവിയുടെ ഭാരം ഒറ്റയ്ക്ക് ഏറ്റെടുക്കാനാവില്ലെന്ന് മുല്ലപ്പള്ളി, രാജിസന്നദ്ധത അറിയിച്ചെന്ന വാർത്ത തള്ളി

By Web TeamFirst Published May 4, 2021, 2:31 PM IST
Highlights

പാർട്ടി തകർന്നടിഞ്ഞിട്ടും മാറ്റത്തിനായി കൂട്ടക്കലാപം ഉയരുമ്പോഴും കുലുക്കമില്ലെന്ന നിലപാടിലാണ് മുല്ലപ്പള്ളി. കനത്ത തോൽവിക്ക് പിന്നാലെ ഹൈക്കമാൻഡിനെ രാജിസന്നദ്ധത അറിയിച്ചെന്ന സൂചനകൾ കെപിസിസി അധ്യക്ഷൻ തള്ളുന്നു.

തിരുവനന്തപുരം: നേതൃമാറ്റത്തിനായുള്ള മുറവിളിക്കിടെയും സ്വയം മാറില്ലെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത മുല്ലപ്പള്ളി, ഹൈക്കമാൻഡിന് തീരുമാനമെടുക്കാമെന്ന നിലപാടിലാണ്. അതേസമയം പാർട്ടി അധ്യക്ഷൻ്റേയും പ്രതിപക്ഷ നേതാവിൻ്റേയും മാറ്റത്തിൽ ഹൈക്കമാൻഡ് ഉടൻ തീരുമാനമെടുക്കും.

പാർട്ടി തകർന്നടിഞ്ഞിട്ടും മാറ്റത്തിനായി കൂട്ടക്കലാപം ഉയരുമ്പോഴും കുലുക്കമില്ലെന്ന നിലപാടിലാണ് മുല്ലപ്പള്ളി. കനത്ത തോൽവിക്ക് പിന്നാലെ ഹൈക്കമാൻഡിനെ രാജിസന്നദ്ധത അറിയിച്ചെന്ന സൂചനകൾ കെപിസിസി അധ്യക്ഷൻ തള്ളുന്നു. പോരാട്ടത്തിൽ തോറ്റിട്ട് സ്വയം ഇട്ടെറിഞ്ഞ് പോകാനില്ലെന്ന് പറഞ്ഞ്, പന്ത് ഹൈക്കമാൻഡിൻറെ കോർട്ടിലേക്ക് ഇട്ടിരിക്കുകയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. 

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയിലെന്ന പോലെ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെയും പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് കെപിസിസി അധ്യക്ഷൻ പറഞ്ഞു. അപ്പോഴും ലോക്സഭാ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിൻ്റെ ക്രെഡിറ്റ് തനിക്കാരും തന്നില്ലെന്ന പരിഭവവും അദ്ദേഹം ഉള്ളിലൊതുക്കുന്നു.

പക്ഷേ സ്വയം മാറില്ലെന്ന നിലപാടെടുക്കുമ്പോഴും മുല്ലപ്പള്ളിയെ മാറ്റുന്നതിൽ കോൺ​ഗ്രസ് ഹൈക്കമാൻഡ് ഉടൻ തീരുമാനമെടുക്കും. അസമിലെ തോൽവിക്ക് പിന്നാലെ അവിടുത്തെ പിസിസി അധ്യക്ഷൻ സ്വയം രാജിവെച്ചാണൊഴിഞ്ഞത്. അതേ മാതൃക മുല്ലപ്പള്ളിയും പിന്തുടരുമെന്നായിരുന്നു എഐസിസി പ്രതീക്ഷ.

മുല്ലപ്പള്ളിയെ മാറ്റണമെന്ന് എ ​ഗ്രൂപ്പ് പരസ്യമായി ആവശ്യപ്പെടും. ഇങ്ങനെ ഉറങ്ങുന്ന ഒരു കെപിസിസി പ്രസിഡൻ്റിനെ പാ‍ർട്ടിക്ക് ആവശ്യമുണ്ടോ എന്ന ചോദ്യവുമായി ഹൈബി ഈഡ‍ൻ എംപി തന്നെ പരസ്യവിമ‍ർശനം തുടങ്ങിയിട്ടുണ്ട്. ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരണമെന്നാണ് ഐ ഗ്രൂപ്പ് ആഗ്രഹമെങ്കിലും അടിമുടി മാറ്റത്തിനൊരുങ്ങുന്ന ഹൈക്കമാൻഡ് പിന്തുണക്കാനുള്ള സാധ്യതകുറവാണ്.

കെപിസിസി അധ്യക്ഷനൊപ്പം പാർലമെൻ്ററി നേതൃസ്ഥാനത്തും മാറ്റമാണ് ലക്ഷ്യം. മുല്ലപ്പള്ളിക്ക് പകരം കെ.സുധാകരൻ പാർട്ടി അധ്യക്ഷനാകാനാണ് സാധ്യത. തിരുവഞ്ചൂ‍ർ രാധാകൃഷ്ണനായി എ ​ഗ്രൂപ്പ് സമ്മ‍ർദ്ദം ചെലുത്തുന്നുണ്ടെങ്കിലും വിഡി സതീശൻ പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. 
 

click me!