
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച (Mullaperiyar Dam) കേസിൽ കക്ഷി ചേരാൻ ഇടുക്കി എം പി ഡീൻ കുര്യാക്കോസ് സുപ്രീംകോടതിയില്‍ അപേക്ഷ നൽകി. സേവ് കേരള ബ്രിഗേഡ് നൽകിയ കേസിൽ കക്ഷി ചേരാനാണ് ഡീൻ കുര്യാക്കോസ് അപേക്ഷ നൽകിയത്. കേസുകൾ അടുത്തയാഴ്ച അന്തിമ വാദം കേൾക്കാനിരിക്കെയാണ് അപേക്ഷ സമർപ്പിച്ചത്.
മുല്ലപ്പെരിയാർ അണക്കെട്ട് പണിത സമയത്ത് എൻജിനീയർമാർ നിർദ്ദേശിച്ച ആയുസ് 50 വർഷമാണ്. എന്നാലിപ്പോൾ ഇതിൻ്റെ ഇരട്ടിയിലധികം വർഷം പിന്നിട്ടു കഴിഞ്ഞു. അതിനാൽ അണക്കെട്ടിൻറെ കാലവധി നിർണയിക്കാൻ വിദഗ്ദ്ധ സംഘത്തെ നിയോഗിക്കണം. മുല്ലപ്പെരിയാർ തകർന്നാൽ താഴെയുള്ള നാല് അണക്കെട്ടുകൾ കൂടി തകരുമെന്നും ഒരു മണിക്കൂറിനുള്ളിൽ വെള്ളം അറബിക്കടലിൽ എത്തുമെന്നും അപേക്ഷയിലുണ്ട്. ഹിരോഷിമയിലെ ആറ്റംബോംബ് സ്ഫോടനത്തെക്കാൻ 180 മടങ്ങ് ശക്തി ഉണ്ടാകുമെന്നും ഇത് താഴ് ഭാഗത്തെ പതിനായിരക്കണക്കിനും അളുകളുടെ ജീവന് ഭീഷണിയാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മഴക്കാലത്ത് ജലനിരപ്പ് 130 അടിയിലേക്ക് താഴ്ത്തണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഡാം ഡീകമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് അഡ്വ റസൽജോയി നേതൃത്വം നൽകുന്ന സേവ് കേരള ബ്രിഗേഡ് സമർപ്പിച്ച കേസിലാണ് കക്ഷി ചേരുന്നത്.
മുല്ലപ്പെരിയാർ പുതിയ അണക്കെട്ട് നിർമിക്കുന്ന കാര്യത്തിൽ തമിഴ്നാടുമായി നാളിതുവരെ നടന്ന ചർച്ചയിൽ സമവായത്തിലെത്താൻ കഴിഞ്ഞിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റാൻ കഴിഞ്ഞ മാസം നിയമസഭയെ രേഖ മൂലം അറിയിച്ചിരുന്നു. മുഖ്യമന്ത്രി തലത്തിൽ കൂടുതൽ ചർച്ച നടത്തി ഇരു കൂട്ടർക്കും സ്വീകാര്യമായ ധാരണയിലെത്താൻ സർക്കാർ മുൻകയ്യെടുത്തിട്ടുണ്ട്. പുതിയ അണക്കെട്ടിനുളള പരിസ്ഥിതി ആഘാത പഠനത്തിന് ഹൈദരാബാദ് ആസ്ഥാനമായ പ്രഗതി ലാബ്സ് പ്രൈ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കരട് റിപ്പോർട്ട് തയ്യാറായി. 4 വർഷത്തിനകം അന്തിമ റിപ്പോർട്ട് തയ്യാറാക്കാൻ നിർദ്ദേശം നൽകിയെന്നും മന്ത്രി അറിയിച്ചിരുന്നു.
മുല്ലപ്പെരിയാറിന് മാത്രമായി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍
കഴിഞ്ഞ മാസം, മുല്ലപ്പെരിയാര്‍ അണക്കെട്ടിന് മാത്രമായി എക്‌സിക്യൂട്ടീവ് എഞ്ചിനിയറെ നിയമിക്കാന്‍ തീരുമാനമായിരുന്നു. കട്ടപ്പന മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയറെ മുല്ലപ്പെരിയാറിന് മാത്രമായി നിയമിക്കാനാണ് തീരുമാനം. തേക്കടിയിലോ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സമീപത്താകും ഓഫീസ് സ്ഥാപിക്കുക. ഇതിന് അനുയോജ്യമായ കെട്ടിടം കണ്ടെത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി.
മുല്ലപ്പെരിയാറിന് മാത്രമായി ഒരു എക്‌സിക്യൂട്ടീവ് എഞ്ചിനിയറെ നിയോഗിക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ നേരത്തെ നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. മഴക്കാലത്ത് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കേരളം അടിയന്തരമായി ഇടപെടുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതുവരെ കട്ടപ്പന മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ക്കായിരുന്നു മുല്ലപ്പെരിയാറിന്റെ കൂടി അധിക ചുമതല. ഇനി മുതല്‍ അദ്ദേഹത്തിന് മുല്ലപ്പെരിയാറിന്റെ മാത്രം ചുമതല ആയിരിക്കും.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ചും ഡാമിന്റെ സുരക്ഷ സംബന്ധിച്ചും കണക്കുകള്‍ക്കായി കേരളം ഇത്രയും നാള്‍ തമിഴ്‌നാടിനെയാണ് ആശ്രയിച്ചിരുന്നത്. എക്‌സിക്യൂട്ടീവ് എഞ്ചിനിയറെ നിയമിക്കുന്നതോടെ കേരളത്തിന് ഡാറ്റയ്ക്കായി തമിഴ്‌നാടിനെ ആശ്രയിക്കേണ്ടി വരില്ല. സുപ്രീം കോടതി നിയമിച്ചിരിക്കുന്ന ഉന്നതാധികാര സമിതിയുമായുള്ള ഇടപെടലും കൂടുതല്‍ കാര്യക്ഷമമാകുന്നതിന് പുതിയ തീരുമാനം ഗുണകരമാകുമെന്ന് കരുതുന്നതായി മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.