Mullaperiyar Dam Issue |മുല്ലപ്പെരിയാർ 137 അടിയിൽ, പെരിയാർ തീരത്തുള്ളർക്ക് ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം

Web Desk   | Asianet News
Published : Oct 25, 2021, 12:49 AM ISTUpdated : Oct 25, 2021, 06:48 PM IST
Mullaperiyar Dam Issue |മുല്ലപ്പെരിയാർ 137 അടിയിൽ, പെരിയാർ തീരത്തുള്ളർക്ക് ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം

Synopsis

138 അടിയിലെത്തിയാൽ രണ്ടാമത്തെ അറിയിപ്പ് നൽകും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമെങ്കിൽ പെരിയാർ തീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികളെല്ലാം പൂർത്തിയാക്കിയെന്നും ജില്ലഭരണകൂടം അറിയിച്ചിട്ടുണ്ട്

ദില്ലി: മുല്ലപ്പെരിയാര്‍ കേസ്(Mullaperiyar case) ഇന്ന് സുപ്രീംകോടതി(Supreme Court) പരിഗണിക്കും. അണക്കെട്ടിന്‍റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്നാട്(Tamil Nadu) വീഴ്ചവരുത്തിയെന്ന് ആരോപിച്ചും അണക്കെട്ടിന്‍റെ സുരക്ഷ വിലയിരുത്താൻ രൂപീകരിച്ച മേൽനോട്ട സമിതിയുടെ പ്രവര്‍ത്തനങ്ങൾ പരാജയമെന്നും ചൂണ്ടിക്കാട്ടി രണ്ട് പൊതുതാല്പര്യ ഹര്‍ജികളാണ് കോടതിക്ക് മുമ്പിലുള്ളത്. തമിഴ്നാടുമായുള്ള പാട്ടക്കരാര്‍ റദ്ദാക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. ജസ്റ്റിസ് എ.എം.ഖാൻവീൽക്കര്‍(A M Khanwilkar) അധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കി നിലനിർത്തണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. 2018ലെ സുപ്രീംകോടതി ഉത്തരവ് പാലിക്കപ്പെടണമെന്ന് ആവശ്യപ്പെടും. സാഹചര്യം അതീവ ഗുരുതരമെന്ന് സംസ്ഥാന സർക്കാർ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് കോടതിയെ അറിയിക്കും. സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാകുന്നത് മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത ആണ്.

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 137 അടി കടന്നിട്ടുണ്ട്. 138 അടിയിലെത്തിയാൽ രണ്ടാമത്തെ അറിയിപ്പ് നൽകും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമെങ്കിൽ പെരിയാർ തീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികളെല്ലാം പൂർത്തിയാക്കിയെന്നും ജില്ലഭരണകൂടം അറിയിച്ചിട്ടുണ്ട്.

ദേശീയ ദുരന്തനിവാരണ സേനയും റവന്യൂ സംഘവും സംയുക്തമായി മുല്ലപ്പെരിയാർ അണക്കെട്ടിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ ബോധവത്കരണമടക്കമുള്ള പരിപാടികൾ നടത്തിയിട്ടുണ്ട്. പെരിയാർ തീരത്തുള്ളവരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായിരുന്നു നടപടി.

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 137 അടി കടന്നെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. മുൻദിവസങ്ങളെ അപേക്ഷിച്ച് ഡാമിൽ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടുകയും ചെയ്തു. വരും ദിവസങ്ങളിൽ മഴ ഒഴിഞ്ഞ് നിന്നാൽ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയ പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക് എത്താൻ സാധ്യതയില്ല.  അഥവാ ജലനിരപ്പ് ഉയർന്നാലും ആശങ്കപ്പെടേണ്ടതില്ലെന്ന് വ്യക്തമാക്കാനായിരുന്നു ബോധവത്കരണം. 2018ലേതിന് സമാനമായ സാഹചര്യം നിലവിലില്ല. കുറഞ്ഞ അളവിൽ അണക്കെട്ട് തുറക്കേണ്ടി വന്നാൽ കുറച്ച് പേരെ മാത്രമാണ് മാറ്റിപ്പാർക്കേണ്ടി വരിക. ഇവരുടെ പട്ടിക തയ്യാറാക്കി, മാറ്റുന്നതിന് ആവശ്യമായ വാഹനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളും കണ്ടെത്തിയിട്ടുണ്ട്. ഭീഷണി ഒഴിയും വരെ പ്രദേശത്തെ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് ആർഡിഒയുടെയും രണ്ട് സബ്കളക്ടർമാരുടെയും നേതൃത്വത്തിൽ റവന്യൂസംഘത്തെയും എൻഡിആർഎഫിനെയും വിന്യസിച്ചെന്നും ജില്ലഭരണകൂടം അറിയിച്ചിട്ടുണ്ട്.

അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു. നേരത്തെ ജലനിരപ്പ് 133.45 അടി എത്തിയപ്പോള്‍ ഉദ്യോഗസ്ഥ തലത്തില്‍ ആശങ്ക അറിയിച്ചിരുന്നു. നിലവിലെ നീരൊഴുക്കും മഴ സാധ്യതയും കണക്കിലെടുക്കുമ്പോള്‍ ജലനിരപ്പ് 142 അടിയിലേക്ക് എത്താല്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.അതിനാല്‍ മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളം തമിഴ്നാട്ടിലെ വൈഗാ അണക്കെട്ടിലേക്ക് കൊണ്ടുപോകണമെന്നും അണക്കെട്ടിന്‍റെ ഷട്ടര്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മൂമ്പ് കേരളത്തെ അറിയിക്കണമെന്നും കത്തില്‍ കേരളം ആവശ്യപ്പെട്ടു.

'മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കണം, അടിയന്തര നടപടി വേണം'; തമിഴ്നാടിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി

'മുല്ലപ്പെരിയാറിന് ഗുരുതര പ്രശ്നങ്ങള്‍': യുഎന്‍ റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് മുന്നിലേക്ക്

PREV
click me!

Recommended Stories

മലപ്പുറം മച്ചിങ്ങലിൽ വൻ തീപിടിത്തം; കാർ സ്പെയർ പാർട്‌സ് ഗോഡൗൺ കത്തിനശിച്ചു; തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു
'കിച്ചണ്‍ ബിൻ പദ്ധതിയിൽ വൻ അഴിമതി'; നടന്നത് കോടികളുടെ അഴിമതിയെന്ന് ബിജെപി ആരോപണം