
ദില്ലി: മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമെന്ന് കേന്ദ്രം. പുതിയ ഡാം നിർമ്മിക്കാൻ കേരളവും കേന്ദ്രവും സമവായത്തിൽ എത്തണമെന്നും കേന്ദ്രമന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്ത് വ്യക്തമാക്കി. മന്ത്രിയുടെ വാദത്തിനെതിരെ കേരളത്തിലെ അംഗങ്ങൾ ബഹളം വച്ചു.
ഇടുക്കി എംപി ഡീൻകുര്യക്കോസാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷ ലോക്സഭയിൽ ഉന്നയിച്ചത്. ഭൂചലനസാധ്യതയെക്കുറിച്ചുള്ള റിപ്പോർട്ടുകളും പരാമർശിച്ചു. എന്നാൽ, ആശങ്കയുടെ കാര്യമില്ലെന്നായിരുന്നു ജലശക്തി മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തിന്‍റെ പ്രതികരണം. എല്ലാ പഠനത്തിലും ഡാമിന് ഭൂചലന ഭീഷണി ഇല്ല എന്നാണ് വ്യക്തമാകുന്നതെന്ന് ജലശക്തി മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്ത് ലോക്സഭയില്‍ പറഞ്ഞു. രണ്ട് സംസ്ഥാനങ്ങളും സമവായത്തിലെത്തിയാൽ പുതിയ ഡാം നിർമ്മിക്കുന്നതിന് ഞങ്ങൾക്ക് എതിർപ്പില്ലെന്നും കേന്ദ്രമന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്ത് അറിയിച്ചു.
പുതിയ ഡാം പണിയുന്നതിനുള്ള നിർദ്ദേശത്തോട് തമിഴ്നാട് യോജിക്കുന്നില്ലെന്നും മന്ത്രി രാജ്മോഹൻ ഉണ്ണിത്താൻ, കെ മുരളീധരൻ എന്നിവരെ അറിയിച്ചു. പുതിയ ഡാമിന്‍റെ പഠനം തന്നെ ആവശ്യമില്ലായിരുന്നു എന്ന് ഡിഎംകെ അംഗം എ രാജ പറഞ്ഞു. ഡാം സുരക്ഷിതമെന്ന മന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് കേരളത്തിലെ എംപിമാർ എഴുന്നേറ്റത്, അല്പനേരം ബഹളത്തിനിടയാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam