Mullaperiyar Dam : 'മുല്ലപ്പെരിയാറിൽ ഇടപെടണം', കേരളം സുപ്രീം കോടതിയിലേക്ക്, നാളെ പുതിയ അപേക്ഷ നൽകും

By Web TeamFirst Published Dec 7, 2021, 8:26 PM IST
Highlights

സുപ്രീം കോടതിയുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് നാളെ പുതിയ അപേക്ഷ നൽകുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. 

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ (Mullaperiyar Dam) നിന്നും രാത്രി കാലങ്ങളിൽ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നതിനെതിരെ കേരളം (Kerala) സുപ്രീം കോടതിയിലേക്ക് (Supreme Court). സുപ്രീം കോടതിയുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് നാളെ പുതിയ അപേക്ഷ നൽകുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. 

മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട് തുടർച്ചയായി രാത്രിയിൽ വെള്ളം തുറന്നുവിടാൻ ആരംഭിച്ചതോടെ പെരിയാർ തീരവാസികൾ ആശങ്കയിലാണ്. മുന്നറിയിപ്പ് പോലും നൽകാതെയാണ് പലപ്പോഴും ഡാം തുറക്കുന്നത്. പെരിയാറിന് തീരത്തെ പല വീടുകളിലും വെള്ളം കയറി. ഇതോടെ ജനങ്ങൾ പ്രതിഷേധിച്ചു. മുന്നറിയിപ്പ് ഇല്ലാതെ വെള്ളം തുറന്നുവിടുന്ന തമിഴ് നാടിന്‍റെ സമീപനത്തിനെതിരെ കേരളം നടപടിയെടുക്കുന്നില്ല എന്ന വിമര്‍ശനം ജനങ്ങൾക്കിടയിലും ശക്തമാണ്. ഇതോടെയാണ് സർക്കാർ കോടതിയെ സമീപിക്കുന്നത്. 

അതേ സമയം, മുല്ലപ്പെരിയാർ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഡോ. ജോ ജോസഫും സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക സുപ്രീം കോടതിയുടെ മുന്നിൽ കൊണ്ടുവരുന്നതിന് വേണ്ടിയാണ് ജോ ജോസഫ് അധിക സത്യവാങ്മൂലം നൽകിയത്. രാത്രി സമയങ്ങളിൽ മുന്നറിയിപ്പ് പോലും നൽകാതെ തമിഴ്നാട് സർക്കാർ വെള്ളം തുറന്നുവിടുന്നത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി ഉണ്ടാക്കുന്നതാണെന്നും തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് സത്യവാങ് മൂലത്തിലെ ആവശ്യം. അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മേൽനോട്ട സമിതിയുടെ നേരിട്ടുള്ള ഇടപെടൽ വേണമെന്നും മേൽനോട്ടസമിതി സ്വതന്ത്രമായി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്നും  ആവശ്യം ഉയർത്തിയിട്ടുണ്ട്. 

അഞ്ചിന നിർദ്ദേശങ്ങളുമായി കേന്ദ്രം, കർഷക സമരം പിൻവലിക്കുമോ? തീരുമാനം നാളെ

അതിനിടെ നീരൊഴുക്ക് വർധിച്ചതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ നാലു ഷട്ടറുകൾ തമിഴ്നാട് വീണ്ടും തുറന്നു. നേരത്തെ പത്തു സെൻറിമീറ്റർ തുറന്നു വച്ചിരുന്ന ഷട്ടർ 30 ആക്കി. ഇതുവഴി സെക്കൻറിൽ 2099 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. അണക്കെട്ടിൻറെ വൃഷ്ടി പ്രദേശത്ത് മഴ പെയ്തതിനെ തുടർന്നാണ് ഷട്ടറുകൾ വീണ്ടും തുറന്നത്. പതിവു പോലെ ജലനിരപ്പ് 142 അടിക്കു മുകളിലേക്ക് എത്താതിരിക്കാനാണ് ഷട്ടറുകൾ തുറന്നത്. 141.95 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കുറവായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

മുല്ലപ്പെരിയാറിൽ മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് സതീശൻ, സർക്കാർ ആരെയോ ഭയപ്പെടുന്നു?

click me!