Mullaperiyar : ദുരിതമൊഴിയാതെ പെരിയാർ തീരവാസികൾ, വീടുകളിൽ ഇന്നും വെള്ളം കയറി

By Web TeamFirst Published Dec 8, 2021, 9:37 AM IST
Highlights

പെരിയാറിന് തീരത്തെ പല വീടുകളിലും ഇന്നും വെള്ളം കയറി. കടശ്ശിക്കാട് ആറ്റോരം ഭാഗത്തെ അഞ്ചോളം വീടുകളിലാണ് വെള്ളം കയറിയത്.

ഇടുക്കി: കേരളത്തിലെ ജനങ്ങളുടെ ആശങ്കകൾക്കും സർക്കാരിന്റെ നിർദ്ദേശങ്ങൾക്കും പുല്ലുവില നൽകി തമിഴ്നാട് (Tamil Nadu) സർക്കാർ. പുലർച്ചെ മുല്ലപ്പെരിയാർ അണക്കെട്ടിലെ (Mullaperiyar Dam) കൂടുതൽ ഷട്ടറുകളുയർത്തിയതോടെ പെരിയാറിന് തീരത്തെ പല വീടുകളിലും ഇന്നും വെള്ളം കയറി. കടശ്ശിക്കാട് ആറ്റോരം ഭാഗത്തെ അഞ്ചോളം വീടുകളിലാണ് വെള്ളം കയറിയത്. വികാസ് നഗർ ഭാഗത്തെ റോഡുകളിൽ പറമ്പുകളിലും വെള്ളം കയറിയ നിലയിലാണ്. കഴിഞ്ഞ ദിവസങ്ങളിലും ഈ ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറിയിരുന്നു. 

ഒമ്പത് ഷട്ടറുകളാണ് ഇന്ന് പുലർച്ചെയോടെ തുറന്നത്. ഇതിൽ മൂന്ന് ഷട്ടറുകൾ രാവിലെ ഒമ്പത് മണിയോടെ അടച്ചു. ഇതോടെ നിലവിൽ ആറ് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്.  രാത്രിയിൽ മുന്നറിയിപ്പ് ഇല്ലാതെ തമിഴ്നാട് ഡാം തുറക്കുന്നതിനെതിരെ കേരളം ഇന്ന് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നതിനിടെയാണ് സംസ്ഥാനത്തിന്റെ നിർദ്ദേശങ്ങളെ കാറ്റിൽ പറത്തി പുലർച്ചെ ഒന്‍പത് ഷട്ടറുകള്‍ തമിഴ്നാട് തുറന്നത്. 7140 ഘനയടി വെള്ളമാണ് തുറന്നുവിട്ടത്. 

തമിഴ്നാടിന്റെ നടപടികളെ രൂക്ഷ ഭാഷയിൽ വിമർശിച്ച് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ രംഗത്തെത്തി. തമിഴ്‌നാട് സാമാന്യ മര്യാദ ലംഘിച്ചുവെന്നും ഇനി സർക്കാർ കടുത്ത നിലപാടുമായി മുന്നോട്ട് പോകുമെന്നും മന്ത്രി അറിയിച്ചു.  ''ഒരു സംസ്ഥാനം ജനങ്ങളോട് കാണിക്കേണ്ട സാമാന്യ മര്യാദ തമിഴ്നാട് കാണിക്കുമെന്ന് കരുതി. അതുണ്ടായില്ല. പല തവണ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അടക്കം അറിയിച്ച് കേരളം, തമിഴ്നാട് സർക്കാരിനെ ബന്ധപ്പെട്ടു. എന്നാൽ തമിഴ്നാട് തൽസ്ഥിതി ആവർത്തിക്കുകയാണ്. ഇനി ശക്തമായ നടപടിയുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.  ഇതിന്റെ ഭാഗമായി വിഷയം ഇന്ന് സുപ്രീം കോടതിയിൽ ഗൌരവമായി ഉന്നയിക്കുമെന്നും മന്ത്രി അറിയിച്ചു. 

''തമിഴ്നാട് തോന്നും പടി ഷട്ടറുകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത് പെരിയാറിന് തീരത്തെ ജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നത് യാഥാർത്ഥ്യമാണ്. സാമാന്യ സീമകൾ ലംഘിച്ച നടപടിയാണിത്. ഇതെല്ലാം സുപ്രീം കോടതിയെ ശക്തമായി ധരിപ്പിക്കും. ജനങ്ങളുടെ സുരക്ഷയാണ് സംസ്ഥാന സർക്കാരിന് പ്രധാനം. തമിഴ്നാടിന്റെ നടപടിയിൽ ബുദ്ധിമുട്ടിലായ പെരിയാർ തീരത്തെ ജനങ്ങൾക്ക് എല്ലാ സഹായവും ഉറപ്പ് വരുത്തുമെന്നും അദ്ദേഹം അറിയിച്ചു. 

click me!