
ഇടുക്കി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിന് മുന്നോടിയായുള്ള പരിസ്ഥിതി ആഘാത പഠനം ഉടൻ തുടങ്ങും. പദ്ധതിപ്രദേശത്ത് പ്രവേശിക്കാൻ വനംവകുപ്പ് അനുമതി നൽകിയതോടെ പഠനം ആരംഭിക്കാൻ ഏജൻസിക്ക് ജല വകുപ്പ് നിർദ്ദേശം നൽകി.
കഴിഞ്ഞ ദിവസമാണ് നിർദിഷ്ട സ്ഥലത്ത് പ്രവേശിച്ച് പഠനം നടത്തുന്നതിന് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പഠനം ഉടൻ ആരംഭിക്കണമെന്ന് കരാർ ഏജൻസിയായ ഹൈദരാബാദിലെ പ്രഗതി ലാബിന് ജലവിഭവ വകുപ്പ് നിർദേശം നൽകി. പുതിയ അണക്കെട്ട് നിർമിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ജലവിഭവ വകുപ്പിന് കീഴിലെ ഐഡിആര്‍ബി വിഭാഗമാണ്.
കഴിഞ്ഞ ഒക്ടോബറിലാണ് പരിസ്ഥിതി ആഘാത പഠനം നടത്താൻ കേരളത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്. പുതിയ അണക്കെട്ട് നിർമ്മിക്കേണ്ടത് പെരിയാർ കടുവാ സങ്കേതത്തിന്റെ പരിധിയിൽ ആയതിനാൽ പഠനം തുടങ്ങാൻ സംസ്ഥാന വനം വകുപ്പിന് കീഴിലുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി കൂടി ആവശ്യമായിരുന്നു. ആ കടമ്പ കൂടി കടന്നതോടെ ഇനി കാര്യങ്ങൾ എളുപ്പത്തിലാകുമെന്നാണ് പ്രതീക്ഷ.
ഒരു വർഷത്തെ നാല് സീസണുകളായി തിരിച്ചാണ് പഠനം നടത്തേണ്ടത്. പുതിയ ഡാം വരുന്നത് ഓരോ സീസണിലും പരിസ്ഥിതിയെ എങ്ങനെ ബാധിക്കുന്നു എന്നതാണ് പഠനത്തിന് വിധേയമാക്കുക. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും പുതിയ അണക്കെട്ട് നിർമിക്കണമോയെന്ന് തീരുമാനിക്കുന്നത്. തമിഴ്നാടിന്റെ കടുത്ത എതിർപ്പ് തള്ളിയാണ് കേരളത്തിന് പഠനത്തിന് അനുമതി കിട്ടിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam