
ഇടുക്കി: സുപ്രീംകോടതി നിയോഗിച്ച മുല്ലപ്പെരിയാർ മേൽനോട്ട സമിതി രൂപീകരിച്ച ഉപസമിതി ഇന്ന് അണക്കെട്ട് പരിശോധിക്കും. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സ്പിൽവേ തുറന്നതിനു ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തുന്നതിനാണ് സന്ദർശനം. രാവിലെ പത്ത് മണിയോടെയാണ് സംഘം അണക്കെട്ട് പരിശോധിക്കുക. അതേസമയം, സ്പിൽവേ ഷട്ടറുകൾ അടക്കുന്ന കാര്യത്തിൽ തമിഴ്നാട് ഇന്ന് തീരുമാനം എടുത്തേക്കും.
കേന്ദ്ര ജലക്കമ്മീഷൻ എക്സികൂട്ടീവ് എഞ്ചിനീയർ ശരവണ കുമാർ അധ്യക്ഷനായ സമിതിയിൽ ജലവിഭവ വകുപ്പിലെ എൻ എസ് പ്രസീദ്, ഹരികുമാർ എന്നിവർ കേരളത്തിൻ്റെ പ്രതിനിധികളും തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ സാം ഇർവിൻ, കുമാർ എന്നിവർ തമിഴ്നാട് പ്രതിനിധികളുമാണ്. സ്പിൽവേ വഴി വെള്ളം തുറന്ന് വിട്ടതിനൊപ്പം അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞതോടെ ജലനിരപ്പ് കുറയുന്നുണ്ട്. 138.15 അടിയാണ് മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പ്. സ്പിൽവേ വഴി പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് ചെറിയ തോതിൽ കുറഞ്ഞു. സെക്കൻഡിൽ 2164 ഘനയടി വെള്ളമാണ് ഇപ്പോൾ പുറത്തേക്ക് ഒഴുകുന്നത്.
അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴ മുന്നറിയിപ്പാണുള്ളത്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം നിലവിൽ ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. ഇത് നാളെയോടെ അറബിക്കടലിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ. ന്യൂനമർദ്ദം ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. ഇതിനാലാണ് മഴ മുന്നറിയിപ്പ് ശക്തമാക്കിയത്. വ്യാഴാഴ്ച വരെ മഴ തുടർന്നേക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിപ്പുണ്ട്.
Also Read: സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴ മുന്നറിയിപ്പ്; മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam