പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്; പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താസമ്മേളനം ഇന്ന്

By Web TeamFirst Published Jun 21, 2020, 6:52 AM IST
Highlights

മുല്ലപ്പള്ളിയെ മാത്രമല്ല പ്രതിപക്ഷ നേതാവിനെ അടക്കം കടുത്ത ഭാഷയില്‍ പിണറായി വിജയന്‍ വിമര്‍ശിച്ചതോടെയാണ് നിശബ്ദത വെടിയാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം.
 

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവാദ പ്രസ്താവനയില്‍ വെട്ടിലായെങ്കിലും പ്രതിപക്ഷത്തെയാകെ മുഖ്യമന്ത്രി കടന്നാക്രമിച്ചതോടെ പ്രതിരോധിക്കാനും തിരിച്ചടിക്കാനും കോണ്‍ഗ്രസ് നീക്കം. മറുപടി പറയാന്‍ പ്രതിപക്ഷ നേതാവ് ഇന്ന് വാര്‍ത്ത സമ്മേളനം നടത്തും. അതെ സമയം മുല്ലപ്പള്ളിയുടെ പരാമര്‍ശത്തില്‍ യുഡിഎഫിലെ ഘടക കക്ഷികള്‍ക്കും കടുത്ത അതൃപ്തിയുണ്ട്.

കൊവിഡ് പ്രതിരോധത്തിന്റെ ക്രെഡിറ്റ് സര്‍ക്കാറിന് പോകുന്നത് തടയാന്‍ വീഴ്ചകളില്‍ ഊന്നി പ്രക്ഷോഭം ലക്ഷ്യമിട്ട പ്രതിപക്ഷം മുല്ലപ്പള്ളിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി. പൊതു സമൂഹത്തിനു മുന്നില്‍ പ്രതിപക്ഷത്തിന്റ തല കുനിഞ്ഞെന്നാണ് കോണ്‍ഗ്രസിലേയും യുഡിഎഫിലെയും ബഹു ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. അതുകൊണ്ടാണ് ഇന്നലെ പ്രതിപക്ഷ നേതാവ് അടക്കമുള്ള നേതാക്കള്‍ മുല്ലപ്പള്ളിയെ പ്രതിരോധിക്കാതെ ഒഴിഞ്ഞു മാറിയത്. മുല്ലപ്പള്ളിക്ക് പിന്തുണയുമായി നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് മാര്‍ച്ച് നടത്തിയതും പിഴച്ചു പോയ തന്ത്രമായെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. 

മുല്ലപ്പള്ളിക്കെതിരെ ഉയര്‍ന്ന ശക്തമായ പൊതു വികാരം ആയുധമാക്കാനാണ് പതിവ് തെറ്റിച്ചു ശനിയാഴ്ച മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനം വിളിച്ചു കടന്നാക്രമണം നടത്തിയത്. എന്നാല്‍ മുല്ലപ്പള്ളിയെ മാത്രമല്ല പ്രതിപക്ഷ നേതാവിനെ അടക്കം കടുത്ത ഭാഷയില്‍ പിണറായി വിജയന്‍ വിമര്‍ശിച്ചതോടെയാണ് നിശബ്ദത വെടിയാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം. വിവാദ പരാമര്‍ശത്തില്‍ ഊന്നാതെ മുഖ്യമന്ത്രിയുടെ മറ്റു വിമര്‍ശനങ്ങളെ നേരിടാനാണ് നീക്കം.

ചെന്നിത്തല മുല്ലപ്പളിയെ വിളിച്ചു വിവാദ പരാമര്‍ശത്തില്‍ ഇനി കൂടുതല്‍ പരസ്യ പ്രതികരണം വേണ്ടെന്നും താന്‍ തന്നെ മറുപടി നല്‍കാമെന്നും പറഞ്ഞതായി സൂചനയുണ്ട്. അതെസമയം മുല്ലപ്പള്ളിയുടെ വിവാദ പരാമര്‍ശം ലിനിയുടെ കുടുംബത്തിന് എതിരായ കോണ്‍ഗ്രസിന്റെ നീക്കമായി ഉയര്‍ത്തി പ്രതിപക്ഷത്തിന് എതിരായ പ്രതിഷേധം ശക്തമാക്കാനാണ് ഇടത് ആലോചന.
 

click me!