പേരാവൂര്‍ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള വാക്ക് പോരും മുറുകുന്നു. ഒരോ തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോഴും കെകെ ശൈലജ്യ്ക്ക് പാര്‍ട്ടി പ്രമോഷൻ നൽകുമെന്ന് സണ്ണി ജോസഫ് . പാർട്ടിയിൽ പ്രൊമോഷൻ കിട്ടിയത് തെരഞ്ഞെടുപ്പിൽ തോറ്റത് കൊണ്ടല്ലെന്ന് കെകെ ശൈലജയും തിരിച്ചടിച്ചു

കണ്ണൂര്‍: പേരാവൂര്‍ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള വാക്ക് പോരും മുറുകുന്നു. ഒരോ തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോഴും കെകെ ശൈലജ്യ്ക്ക് പാര്‍ട്ടി പ്രമോഷൻ നൽകുമെന്ന് പേരാവൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ് വിമര്‍ശിച്ചു. വടകരയിൽ ശൈലജ തോറ്റപ്പോള്‍ സംഘടനയിൽ കേന്ദ്ര കമ്മിറ്റിയിലെത്തി. ഇത്തവണ പോളിറ്റ് ബ്യൂറോയിൽ എത്തുമെന്ന് പ്രതീക്ഷിക്കാമെന്നും സണ്ണി ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ വിമത പ്രശ്നം പരിഹരിക്കുമെന്നും കെ സുധാകരൻ പേരാവൂരിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇരിട്ടി താലൂക്ക് ഓഫീസില്‍ രാവിലെ എത്തിയ സണ്ണി ജോസഫ് പത്രിക സമര്‍പ്പിച്ചു.

എന്നാൽ, സണ്ണി ജോസഫിന്‍റെ പരിഹാസത്തിന് മറുപടിയുമായി കെകെ ശൈലജ രംഗത്തെത്തി. ഇരിട്ടി താലൂക്ക് ഓഫീസിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥിയായ കെകെ ശൈലജ. പാർട്ടിയിൽ പ്രൊമോഷൻ കിട്ടിയത് തെരഞ്ഞെടുപ്പിൽ തോറ്റത് കൊണ്ടല്ലെന്നും 2024ൽ തോറ്റത് കോൺഗ്രസ്‌ അധികാരത്തിൽ വരുമെന്ന് ജനം വിചാരിച്ചത് കൊണ്ടാണെന്നും കെകെ ശൈലജ പറഞ്ഞു. അഭിമാനത്തോടെ ആണ് പേരാവൂരിൽ മത്സരിക്കുന്നത്. ജയിക്കാവുന്ന മണ്ഡലങ്ങളിൽ മാത്രം മത്സരിക്കുന്നത് അല്ല ഞങ്ങളുടെ രീതിയെന്നും കെകെ ശൈലജ പറഞ്ഞു.