
തിരുവനന്തപുരം: നിയമസഭാംഗമടക്കമുള്ള നേതാക്കളെ പൊലീസ് തല്ലിച്ചതച്ചിട്ടും നിശബ്ദത പാലിക്കുന്ന രാഷ്ട്രീയ സമീപനം ഉപേക്ഷിച്ച് ശക്തമായി പ്രതിഷേധിക്കാന്‍ സി പി ഐ തയ്യാറാകണമെന്ന് കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഒരു എം എല്‍ എയെ പൊലീസിനെ ഉപയോഗിച്ച് കായികമായി കൈകാര്യം ചെയ്യുന്നത് ജനാധിപത്യ സംവിധാനത്തിന് ചേര്‍ന്നതല്ല. സി പി എമ്മും സി പി ഐയും തമ്മില്‍ എറണാകുളത്ത് നിലനില്‍ക്കുന്ന വിഭാഗീയതയാണ് പ്രശ്നങ്ങള്‍ക്ക് ആധാരമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
സ്വന്തം പാര്‍ട്ടിയിലെ എം എല്‍ എയുടെ കൈ ഒടിച്ചിട്ടും ജില്ലാ സെക്രട്ടറിയുടെ തലയടിച്ച് പൊട്ടിച്ചിട്ടും സി പി ഐ സംസ്ഥാന നേതൃത്വം മൗനം തുടരുന്നത് വിചിത്രമാണ്. സി പി എമ്മും മുഖ്യമന്ത്രിയും സി പി ഐയെ വിലകുറച്ച് കാണിക്കുന്ന നിലപാടാണ് എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. ഈ അപമാനം എത്ര കാലം ഇങ്ങനെ സഹിക്കാന്‍ സാധിക്കുമെന്ന് സി പി ഐ. ചിന്തിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
ആഭ്യന്തരവകുപ്പ് സമ്പൂര്‍ണ്ണ പരാജയമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. പൊലീസിനെ കയറൂരിവിട്ടിരിക്കുകയാണ്. പൊലീസ് രാജാണ് കേരളത്തില്‍. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ അന്നുമുതല്‍ സി പി ഐക്കു ലഭിക്കുന്നത് അവഹേളനം മാത്രമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.
സി അച്യുതമേനോന്‍, എം എന്‍ ഗോവിന്ദന്‍ നായര്‍, പി കെ വാസുദേവന്‍ നായര്‍, വെളിയം ഭാര്‍ഗവന്‍, സി കെ.ചന്ദ്രപ്പന്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്ത പ്രസ്താനമാണ് സി പി ഐ എന്ന് മുല്ലപ്പള്ളി ഓര്‍മ്മിപ്പിച്ചു. നെടുങ്കണ്ടത്ത് ഉരുട്ടിക്കൊല ഉണ്ടായപ്പോള്‍ സി പി ഐയുടെ ഇടുക്കി ജില്ലാഘടകം ശക്തമായ നിലപാട് എടുത്തെങ്കിലും സംസ്ഥാന നേതൃത്വം അവരെ തള്ളിക്കളയുന്ന നിലപാടാണ് സ്വീകരിച്ചത്. പെരിയ ഇരട്ടക്കൊല ഉണ്ടായപ്പോഴും ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തപ്പോഴും സി പി ഐയുടെ ശബ്ദം കേരളം കേട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഇടുക്കിയിലെ വ്യാപകമായ കയ്യേറ്റങ്ങള്‍ക്ക് സി പി ഐ ഒത്താശ ചെയ്യുന്നു. സി പി എം ചെയ്യുന്ന എല്ലാ കൊള്ളരുതായ്മക്കും സി പി ഐ ഒത്താശ ചെയ്യുന്നു. ഇടതു മുന്നണിയിലെ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ 1967 ലെ സപ്തമുന്നണി സര്‍ക്കാരിനെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. അന്ന് വന്‍ ഭൂരിപക്ഷത്തോടെ അധികാരമേറ്റ ഇ എം എസ് സര്‍ക്കാര്‍ സി പി ഐക്കെതിരെ നടത്തിയ നീക്കങ്ങളാണ് ആ മുന്നണി രണ്ടു വര്‍ഷത്തിനുള്ളില്‍ നിലംപൊത്താനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. 1970 ല്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട സി അച്യുത മേനോന്‍ മന്ത്രിസഭ ഏഴുവര്‍ഷം തുടര്‍ച്ചയായി ഭരിച്ച് കേരളം കണ്ട മികച്ച മന്ത്രിസഭയായി പേരെടുത്തു. 1971 ല്‍ സി.പി.ഐ. ഉള്‍പ്പെടുന്ന ഐക്യജനാധിപത്യ മുന്നണി ഇരുപതില്‍ 20 സീറ്റ് നേടിയ കാര്യവും മുല്ലപ്പള്ളി ഓര്‍മ്മിപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam