നെടുങ്കണ്ടം കസ്റ്റഡി മരണം: എഎസ്ഐ അടക്കം മൂന്ന് പൊലീസുകാര്‍ കൂടി അറസ്റ്റില്‍

By Web TeamFirst Published Jul 24, 2019, 7:50 PM IST
Highlights

ഇതോടെ കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ പൊലീസുകാരുടെ എണ്ണം ഏഴായി. 

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ മൂന്ന് പൊലീസുകാര്‍ കൂടി അറസ്റ്റില്‍. നെടുങ്കണ്ടം സ്റ്റേഷനിലെ എഎസ്ഐ ആയിരുന്ന റോയ് പി വര്‍ഗ്ഗീസ്, സിവില്‍ പൊലീസ് ഓഫീസര്‍ ജിതിൻ കെ  ജോർജ്, ഹോം ഗാർഡ് കെ.എം ജെയിംസ്  എന്നിവരെയാണ് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. നെടുങ്കണ്ട് സ്റ്റേഷനിലെ മുന്‍ എസ്ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ നേരത്തെ തന്നെ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ പൊലീസുകാരുടെ എണ്ണം ഏഴായി. 

നെടുങ്കണ്ടം കസ്റ്റഡിക്കൊലപാതകം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും കുറ്റാരോപിതരായ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരേയും അറസ്റ്റ് ചെയ്യാതിരുന്നത് വലിയ വിമര്‍ശനം സൃഷ്ടിച്ചിരുന്നു. രാജ്‍കുമാറിനെ കസ്റ്റഡിയിൽ മർദ്ദിച്ച നാല് പൊലീസുകാരെ അറസ്റ്റ് ചെയ്തെങ്കിലും ഉന്നതരെ രക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്നായിരുന്നു ഉയര്‍ന്ന ആരോപണം. ആരോപണ വിധേയനായ ഇടുക്കി മുൻ എസ്‍പിയെ ചോദ്യം ചെയ്യാൻ പോലും അന്വേഷണസംഘം ഇതുവരെ തയ്യാറായിട്ടില്ല. 

കഴിഞ്ഞമാസം 21നാണ് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി വാഗമണ്‍ സ്വദേശി രാജ്‍കുമാർ പീരുമേട് സബ് ജയിലിൽ മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്ന് പൊലീസ് വരുത്തിതീർക്കാൻ ശ്രമിച്ചെങ്കിലും കുടുംബം പരാതിയുമായി രംഗത്തെത്തിയതോടെ വിഷയം പ്രതിപക്ഷം ഏറ്റെടുത്തു. ഇതിനിടെ രാജ്‍കുമാറിന്‍റെ മൃതദേഹത്തിൽ 22 പരിക്കുകൾ ഉണ്ടെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടും പുറത്ത് വന്നു. ഇതോടെ നെടുങ്കണ്ടത്തേത് കസ്റ്റഡിക്കൊലയെന്ന് ആരോപിച്ച് പ്രതിപക്ഷം പലകുറി നിയമസഭ സ്തംഭിപ്പിച്ചു. 

ഭരണകക്ഷിയായ സിപിഐ കൂടി പ്രതിഷേധം അറിയിച്ചതോടെ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണത്തിൽ നെടുങ്കണ്ടം സ്റ്റേഷനിൽ വച്ച് രാജ്‍കുമാറിന് ക്രൂരമർദ്ദനമേറ്റെന്ന് കണ്ടെത്തി. ഈർക്കിൽ പ്രയോഗവും, മുളക് പ്രയോഗവും അടക്കമുള്ള മൂന്നാംമുറകളാണ് പൊലീസുകാർ രാജ്‍കുമാറിന് മേൽ പ്രയോഗിച്ചത്. ഇതോടെ നെടുങ്കണ്ടം എസ്‍ഐ സാബു അടക്കം നാല് പൊലീസുകാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 

click me!