
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും നിഷ്ഠൂരമായ രാഷ്ട്രീയ കൊലപാതകത്തിന്റെ അന്വേഷണം അട്ടിമറിക്കുന്നതിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടനടി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഎം നേതൃത്വത്തിന്റെ അറിവോടെ നടപ്പാക്കിയ പെരിയ ഇരട്ടക്കൊലപാതകക്കേസ് അന്വേഷണത്തിന്റെ ഓരോഘട്ടത്തിലും സര്‍ക്കാര്‍ ഇടപെട്ട് തയാറാക്കിയ കുറ്റപത്രം ഹൈക്കോടതി അപ്പാടെ റദ്ദാക്കുകയാണ് ചെയ്തത്.
ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കുമാണ്. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോയാല്‍ ഈ കേസില്‍ സിപിഎമ്മിനുള്ള ബന്ധം ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഹൈക്കോടതി നിരീക്ഷണം തന്നെ സിപിഎമ്മിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒരു കുറ്റപത്രത്തിനെതിരേ ഹൈക്കോടതിയുടെ ഇത്രയും രൂക്ഷമായ വിമര്‍ശനം സമീപകാലത്ത് ഉണ്ടായിട്ടില്ല.
ഈ കുറ്റപത്രവുമായി കോടതിയില്‍ ചെന്നാല്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടുമെന്ന ഹൈക്കോടതിയുടെ നിരീക്ഷണം, തികച്ചും രാഷ്ട്രീയമായാണ് കുറ്റപത്രം തയാറാക്കിയതെന്ന് വ്യക്തമാക്കുന്നു. രാഷ്ട്രീയ വൈരാഗ്യത്തോടെ നടത്തിയ കൊലപാതകമെന്ന് എഫ്ഐആറില്‍ ഉണ്ടായിരുന്നത് ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോള്‍ വ്യക്തിവൈരാഗ്യം എന്നായി.
ഫോറന്‍സിക് വിദഗ്ധന്റെ അഭിപ്രായം തേടിയില്ല, പ്രതികളുടെ മൊഴിവച്ച് കുറ്റപത്രം തയാറാക്കി തുടങ്ങിയ അതീവഗുരുതരമായ വീഴ്ചകളാണ് കോടതി അക്കമിട്ട് നിരത്തിയിരിക്കുന്നത്. സിപിഎം കൃത്യമായി ആസൂത്രണം നടത്തിയ കൊലപാതകത്തില്‍ നിന്ന് പ്രതികളെ രക്ഷിക്കാന്‍ പൊലീസ് കുറ്റവാളികളേക്കാള്‍ മികച്ച ആസൂത്രണം നടത്തിയെന്നും മുല്ലപ്പള്ളി ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam