Latest Videos

തുഷാറിനെ അജ്‍മാനിലേക്ക് വിളിപ്പിച്ച സ്ത്രീയാരാണ് ? മുല്ലപ്പള്ളി രാമചന്ദ്രന്‍

By Web TeamFirst Published Aug 23, 2019, 6:28 PM IST
Highlights

ഒരു സ്ത്രീ വിളിച്ചാൽ എന്‍ഡിഎയുടെ കൺവീനർ എന്തിനാണ് അജ്മാനിലേക്ക് പോയതെന്നും ആരാണ് ഈ പ്രബലയായ സ്ത്രീയെന്നുമുള്ള ചോദ്യത്തിന് ബിജെപി ഉത്തരം പറയണമെന്ന് മുല്ലപ്പള്ളി.

തിരുവനന്തപുരം: തുഷാർ വെള്ളാപ്പള്ളിയുടെ മോചനത്തിനായി മുഖ്യമന്ത്രി ഇടപെട്ടതിനെ ചൊല്ലിയുള്ള രാഷ്ട്രീയവിവാദം തുടരുന്നു. ബിജെപിയുമായുള്ള രഹസ്യ ബന്ധത്തിന്‍റെ ഭാഗമാണ് ഇടപെടലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. തുഷാറിനെ അജ്മാനിലേക്ക് വിളിച്ചുവരുത്തിയ പ്രബലയായ സ്ത്രീ ആരാണെന്നും മുല്ലപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. 

ഒരു സ്ത്രീ വിളിച്ചാൽ എന്‍ഡിഎയുടെ കൺവീനർ എന്തിനാണ് അജ്മാനിലേക്ക് പോയതെന്നും ആരാണ് ഈ പ്രബലയായ സ്ത്രീയെന്നുമുള്ള ചോദ്യത്തിന് ബിജെപി ഉത്തരം പറയണമെന്ന് മുല്ലപ്പള്ളി പറഞ്ഞു. ചില അന്വേഷണങ്ങളെ മുഖ്യമന്ത്രി ഭയപ്പെടുന്നതുകൊണ്ടാണ് ബിജെപിയുമായി രഹസ്യ ബന്ധം പുലര്‍ത്തുന്നതെന്നും അത് ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് തുഷാറിന്റെ കേസിൽ ഇടപ്പെട്ടതെന്നും മുല്ലപ്പള്ളി ആരോപിച്ചു. പിണറായിക്ക് സ്തുതിഗീതം പാടുന്ന സംസ്ഥാന കമ്മിറ്റിയാണ് ഉള്ളതെന്നും രാജാവ് നഗ്നനാണെന്ന് പറയാൻ ആർക്കും ധൈര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ച പിണറായി ഒരു കഷ്ടപ്പെടുന്ന പ്രവാസിക്ക് വേണ്ടി എന്താണ് ചെയ്തിട്ടുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു. പരാതിക്കാരനായ നാസർ ജയിലിൽ കഴിഞ്ഞപ്പോൾ എന്തുകൊണ്ട് മുഖ്യമന്ത്രി ഇടപ്പെട്ടില്ല എന്ന് ചോദിച്ച മുല്ലപ്പള്ളി, ബിജെപിയുമായുള്ള മുഖ്യമന്ത്രിയുടെ രഹസ്യ ബന്ധമാണിത് കാണിച്ചുതരുന്നതെന്ന് പറഞ്ഞു. തുഷാറിനുവേണ്ടിയുള്ള അമിത ആവേശം എന്തിനുവേണ്ടിയാണെന്ന് പിണറായി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

click me!