
തിരുവനന്തപുരം: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി ഡിവൈഎഫ്ഐയും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും. ജയ് ശ്രീറാം വിളി പ്രകോപനപരമായ യുദ്ധകാഹളമായി മാറുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ച അടൂര്‍ ഗോപാലകൃഷ്‍ണനെതിരെ ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രകോപനപരമായ പ്രതികരണമാണ് നടത്തിയത്.
'ജയ് ശ്രീറാം' വിളി സഹിക്കാനാവുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്നായിരുന്നു ബി ഗോപാലകൃഷ്ണന്റെ പ്രതികരണം. ഇത് രാമയണമാസമാണെന്നും ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും ജയ് ശ്രീറാം വിളി എന്നും ഉയരുമെന്നും ഇതു കേള്‍ക്കാന്‍ പറ്റില്ലെങ്കില്‍ ശ്രീഹരിക്കോട്ടയില്‍ നിന്നും റോക്കറ്റിലേറി അടൂരിന് ബഹിരാകശത്തേക്ക് പോകാമെന്നുമായിരുന്നു ഗോപാലകൃഷ്ണന്‍റെ പ്രതികരണം.
ബി ഗോപാലകൃഷ്ണന്‍റെ പ്രതികരണത്തിന് പിന്നാലെ നിരവധി പേരാണ് അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി രംഗത്തെത്തിയത്. അടൂര്‍ ഗോപാലകൃഷ്ണനെതിരായ ബിജെപിയുടെ ഭീഷണി അപലപനീയമെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. മോദിസര്‍ക്കാര്‍ രണ്ടാമത് അധികാരമേറ്റതിന് ശേഷവും ഇത്തരം അതിക്രമങ്ങള്‍ പൂര്‍വാധികം ശക്തിയോടെ തുടരുന്ന പശ്ചാത്തലത്തിലാണ് സാംസ്‌കാരിക നായകര്‍ രംഗത്ത് വന്നത്. ഇവരെയെല്ലാം ബിജെപി ചന്ദ്രനിലേക്ക് അയക്കുമോയെന്നും മുല്ലപ്പള്ളി ചോദിച്ചു.
ബി ഗോപാലകൃഷ്ണന്റെ പ്രതികരണം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി. എല്ലാ പൗരന്‍മാരെയും പോലെ അടൂരിനും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. അതിനിയും ഉണ്ടാവും. ഭീഷണിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കേണ്ട. ആര്‍എസ്എസിന്‍റെ ഇത്തരം ഭീഷണികള്‍ കേരളത്തില്‍ വിലപ്പോവില്ല. ഈ വിഷയത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന് പൂര്‍ണപിന്തുണ പ്രഖ്യാപിക്കുന്നതായി ഡിവൈഎഫ്ഐ അറിയിച്ചു.
ഫാൽക്കേ അവാർഡും പത്മഭൂഷണുമെല്ലാം നേടിയ ലോകത്തിലെ ചലചിത്ര ആസ്വാദകരെല്ലാം സ്നേഹിക്കുന്ന ഒരു മനുഷ്യനെക്കുറിച്ചാണ് പറയുന്നതെന്ന സാമാന്യ ബോധമെങ്കിലും ഈ പറഞ്ഞ ബിജെപി നേതാവിനുണ്ടാകണമായിരുന്നെന്ന് സംവിധായകന്‍ കമല്‍ പ്രതികരിച്ചു. ഇത്തരം പരാമർശങ്ങൾ ഈ കാലത്ത് നമ്മൾ പ്രതീക്ഷിക്കണമെന്നും, ഒരു മലയാളി അത് പറയുമ്പോൾ ലജ്ജ തോന്നുന്നുവെന്നും കമല്‍ പറഞ്ഞു.