കൂടത്തായി കേസ്: കോടിയേരി കഥയറിയാതെ ആട്ടം കാണുന്നുവെന്ന് മുല്ലപ്പള്ളി

Published : Oct 15, 2019, 06:55 PM IST
കൂടത്തായി കേസ്: കോടിയേരി കഥയറിയാതെ ആട്ടം കാണുന്നുവെന്ന് മുല്ലപ്പള്ളി

Synopsis

കൂടത്തായി കേസ് സംബന്ധിച്ച് എല്ലാ വിവരങ്ങളും മൂന്ന് മാസങ്ങള്‍ക്ക് മുന്‍പേ സര്‍ക്കാരിന്‍റെയും പൊലീസിന്‍റെയും കയ്യിലുണ്ടായിരുന്നു ബിജെപിയെ വളര്‍ത്താനുള്ള അച്ചാരം വാങ്ങിയാണ് സിപിഎം സംസ്ഥാന നേതൃത്വം പ്രവര്‍ത്തിക്കുന്നത്

തിരുവനന്തപുരം: കൂടത്തായി കൊലപാതക കേസ് ഊര്‍ജ്ജിതമായി അന്വേഷിച്ച് പ്രതികള്‍ക്ക് കര്‍ശനമായ ശിക്ഷ വാങ്ങി നല്‍കണമെന്ന് തുടക്കം മുതല്‍ പറഞ്ഞിട്ടുള്ളതാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. നിരന്തരമായി എന്നെ വിമര്‍ശിക്കുന്ന പാര്‍ട്ടി സെക്രട്ടറി വിഷയത്തില്‍ കഥ അറിയാതെ ആട്ടം കാണുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

നിഷ്ഠൂരമായ ഈ സീരിയല്‍ കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് കര്‍ശനമായ ശിക്ഷവാങ്ങി കൊടുക്കേണ്ട ഉത്തരവാദിത്തം പൊലീസിനും ആഭ്യന്തര വകുപ്പിനുമുണ്ട്. പൊലീസ് മേധാവി കൂടത്തായി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് നടത്തിയ പ്രസ്താവന നിര്‍ഭാഗ്യകരമാണ്.

നിര്‍ണ്ണായകമായ പലകാര്യങ്ങളും അതീവ രഹസ്യമായി സൂക്ഷിക്കേണ്ട ഡിജിപി കേസ് അട്ടിമറിക്കാനും പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാനും ഉദ്ദേശിച്ചാണ് മുന്‍വിധിയോട് നടത്തിയ ഈ പ്രസ്താവന. ഈ കേസ് അന്വേഷിക്കാന്‍ കഴിവും കാര്യശേഷിയുമുള്ള മിടുക്കന്‍മാരായ  ഉദ്യോഗസ്ഥര്‍ നമ്മുടെ സംസ്ഥാനത്തുണ്ട്.  അവര്‍ക്ക് സ്വതന്ത്രമായി അന്വേഷിക്കാനുള്ള സൗകര്യങ്ങളാണ് സര്‍ക്കാര്‍ ഒരുക്കേണ്ടത്.

കൂടത്തായി കേസ് സംബന്ധിച്ച് എല്ലാ വിവരങ്ങളും മൂന്ന് മാസങ്ങള്‍ക്ക് മുന്‍പേ സര്‍ക്കാരിന്‍റെയും പൊലീസിന്‍റെയും കയ്യിലുണ്ടായിട്ടും ഉപതെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെയാണ്. വികസന നേട്ടങ്ങള്‍ ഒന്നും അവകാശപ്പെടാനില്ലാത്ത പിണറായി സര്‍ക്കാരിന്‍റെ ദയനീയ പ്രകടനം ജനങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ തന്ത്രപൂര്‍വ്വം സൃഷ്ടിച്ച പുകമറതന്നെയാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. മുഖം നഷ്ടപ്പെട്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് എന്ത് വികസന നേട്ടമാണ് അവകാശപ്പെടാനുള്ളത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ പദ്ധതികളുടെ പൂര്‍ത്തികരണത്തിന് അപ്പുറം ഒരു പദ്ധതി എല്‍ഡിഎഫിന്‍റേതെന്ന് ചൂണ്ടികാണിക്കാനുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പുകളില്‍ ജനകീയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടത്. എന്നാല്‍, മുഖമന്ത്രിയും എല്‍ഡിഎഫും അതില്‍ നിന്നും ഒളിച്ചോടുകയാണ്.

ഇത് ചൂണ്ടികാണിച്ചാല്‍ എങ്ങനെയാണ് കൊലപാതകികളെ സംരക്ഷിക്കുന്നവനാകുന്നത്. ഇക്കാലയളവില്‍ എല്‍ഡിഎഫിന്റെ നേട്ടങ്ങളെ കുറിച്ച് ഒരു പരസ്യസംവാദത്തിന്  എന്താണ് സിപിഎം തയ്യാറാകാത്തതെന്നും മുല്ലപ്പള്ളി ചോദിച്ചു. കേരളത്തില്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തി ബിജെപിയെ വളര്‍ത്താനുള്ള അച്ചാരം വാങ്ങിയാണ് സിപിഎം സംസ്ഥാന നേതൃത്വം പ്രവര്‍ത്തിക്കുന്നത്. ലാവ്ലിന്‍ കേസ് തുടര്‍ച്ചയായി അവധിക്ക് വയ്ക്കുന്നത് പോലും ഇതിന്‍റെ ഭാഗമാണ്.

ഈ കേസില്‍ സിബിഐ കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കോടതിയില്‍ ഒളിച്ചുകളി നടത്തുകയാണ്. ദേശീയതലത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സ്വീകരിക്കുന്ന സമീപനങ്ങളില്‍ നിന്നും വ്യത്യസ്തമായാണ് ലാവ്ലിന്‍ കേസിലെ സിബിഐയുടെ നിലപാട്. കോണ്‍ഗ്രസിനെ ഇല്ലാതാക്കി ബിജെപിയെ മുഖ്യപ്രതിപക്ഷമാക്കാനാണ് സിപിഎം ശ്രമം.

ശബരിമല വിഷയത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലുണ്ടാക്കിയ  പരസ്പര ധാരണയുടെ പേരില്‍ ഇരുകൂട്ടരും ചേര്‍ന്ന് വിശ്വാസികളെ വഞ്ചിച്ചു. കേരളത്തില്‍ ക്ലച്ച് പിടിക്കാനുള്ള അവസരമായി ബിജെപി ശബരിമല വിഷയത്തെ കണ്ടപ്പോള്‍ അവര്‍ക്ക് അനുകൂല അവസരം സൃഷ്ടിക്കുന്ന സമീപനം സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ഒരുക്കിയതും കേരളം കണ്ടതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ കണക്ക് പുറത്തുവിടില്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി, നയാപൈസ പാർട്ടിക്ക് നഷ്ടമായിട്ടില്ലെന്നും കെകെ രാഗേഷ്
സമുദായ സംഘടനകളുടെ ആഭ്യന്തരകാര്യങ്ങളിൽ യുഡിഎഫ് ഇടപെടാറില്ല, തിരിച്ചും ഇടപെടരുത്; സമുദായ ഐക്യ നീക്കം തകർന്നതിൽ കോൺഗ്രസിന് ഒരു പങ്കുമില്ല: വിഡി സതീശൻ