നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്ന് കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി അറിയിച്ചു. ഇതൊരു നയപരമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എം പിമാർ മത്സരിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണെന്ന് കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി. ഇതൊരു നയപരമായ കാര്യമാണെന്നും ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന്‍റെ സ്ഥാനാർത്ഥി പട്ടിക ഈ മാസം അവസാനത്തോടെ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിറ്റിംഗ് എം എൽ എമാരുടെ സ്ഥാനാർത്ഥിത്വത്തിൽ സർവ്വേ റിപ്പോർട്ടുകൾ പരിഗണിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോൾ മറുപടി നൽകാനാവില്ലെന്നും, സ്ഥാനാർത്ഥി നിർണ്ണയത്തിൽ വിവിധ ഘടകങ്ങൾ സസൂക്ഷ്മം പരിശോധിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ്സ്ഥാനാർഥി നിർണയത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റിയടക്കം ചേരാനായാണ് ചെയർമാൻ മധുസൂദൻ മിസ്ത്രി തിരുവനന്തപുരത്തെത്തിയത്. ഇന്നും നാളെയും അദ്ദേഹം പാർട്ടി നേതാക്കളെ കാണും. സ്ഥാനാർഥി നിർണയത്തിന് പാനൽ നൽകാൻ ഡി സി സി പ്രസിഡന്‍റുമാരോട് സംസ്ഥാന നേതൃത്വം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിലടക്കം മിസ്ത്രിയുടെ കമ്മിറ്റി ചർച്ചകൾ നടത്തും.

Add Asianetnews as a Preferred SourcegooglePreferred

YouTube video player

യു ഡി എഫിൽ സീറ്റ് വിഭജന ചർച്ച

അതേസമയം യു ഡി എഫിലെ സീറ്റ് വിഭജന ചർച്ച ഇന്നും തുടരും. രണ്ടു വട്ടം ചർച്ച നടത്തിയെങ്കിലും സീറ്റ് വച്ചു മാറലിൽ ഇതുവരെ തീരുമാനമായിട്ടില്ല. കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളിലെ ഘടക കക്ഷികളുടെ അവകാശവാദത്തിന് ഇതുവരെ അനുകൂലമായി പാർട്ടി പ്രതികരിച്ചിട്ടില്ല. നാല് സീറ്റ് ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കത്തിന് പി ജെ ജോസഫ് വിഭാഗം വഴങ്ങിയിട്ടുമില്ല. എന്നാൽ കേരള കോൺഗ്രസുമായുള്ള ഉഭയകക്ഷി ചർച്ചയിൽ അന്തിമ തീരുമാനത്തിന് മുന്‍പേ ഏറ്റുമാനൂർ സീറ്റ് ഏറ്റെടുക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് സജീവമാക്കിയെന്നാണ് വ്യക്തമാകുന്നത്. കൈപ്പത്തി ചിഹ്നത്തിൽ തന്നെ സ്ഥാനാർത്ഥി ഉണ്ടാവണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ജില്ലാ കോൺഗ്രസ് നേതൃത്വം. എന്നാൽ, പകരം സീറ്റ് ഇല്ലാതെ ഏറ്റുമാനൂർ വിട്ട് നൽകാൻ കേരള കോൺഗ്രസും തയ്യാറല്ല. നാലര പതിറ്റാണ്ടിനിടെ കോൺഗ്രസ് ഏറ്റുമാനൂരിൽ മത്സരിച്ചിട്ടില്ല. കഴിഞ്ഞ തവണ ലതിക സുഭാഷ് തല മൊട്ടയടിച്ച് പ്രതിഷേധിച്ച് പാർട്ടി വിടാൻ കാരണമായ ഏറ്റുമാനൂ‍ർ നിയോജക മണ്ഡലത്തിൽ കോണ്‍ഗ്രസിൽ നിന്ന് സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിക്കുന്ന കുറെയധികം പേരുണ്ട്. അതിനാൽ തന്നെ സംസ്ഥാന യു ഡി എഫിനും കോണ്‍ഗ്രസ് നേതൃത്വത്തിനും തലവേദനയാകും ഏറ്റുമാനൂർ. കേരള കോൺഗ്രസിന്‍റെ കൈയ്യിലുള്ള സീറ്റിൽ ഇത്തവണ കോൺഗ്രസ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു കോട്ടയം ജില്ലാ നേതൃത്വം. അന്തിമ തീരുമാനം എന്താകുമെന്ന് കണ്ടറിയണം.