കെപിസിസി ലിസ്റ്റിൽ ക്രിമിനൽ സാന്നിധ്യം: കടുത്ത പ്രതിഷേധവുമായി മുല്ലപ്പള്ളി

By Web TeamFirst Published Jan 18, 2020, 10:55 AM IST
Highlights

എങ്ങുമെത്താതെ പുനസംഘടന നീളുന്നതിനിടെയാണ് ശക്തമായ എതിര്‍പ്പുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തുന്നത് 

ദില്ലി: കെപിസിസി പുനസംഘടനാ ചര്‍ച്ചകൾ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ പട്ടികയിൽ കടുത്ത അതൃപതിയുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.  ഗ്രൂപ്പുകൾ തയ്യാറാക്കി നൽകിയ പട്ടികയിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരും കടന്ന് കൂടിയതാണ് മുല്ലപ്പള്ളിയെ ചൊടിപ്പിച്ചതെന്നാണ് വിവരം. ക്രിമിനൽ പശ്താത്തലം ഉള്ളവരെ ഒഴിവാക്കി മാത്രമെ ലിസ്റ്റ് പ്രഖ്യാപിക്കാവു എന്ന കര്‍ശന നിലപാടിലാണ് കെപിസിസി അധ്യക്ഷൻ. അതെ സമയം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ലിസ്റ്റിൽ മാറ്റം വരുത്താൻ ഗ്രൂപ്പ് നേതാക്കൾ തയ്യാറായിട്ടില്ലെന്നാണ് വിവരം. 

പുനസംഘടനാ പട്ടികയിൽ ക്രിമിനൽ പശ്ചാത്തലമുള്ളവര്‍ കടന്ന് കൂടി സാഹചര്യം കെപിസിസി പ്രസിഡന്‍റ് ഹൈക്കമാന്‍റിന്‍റെ ശ്രദ്ധയിൽ പെടുത്തിയതായാണ് വിവരം. നിലവിൽ തയ്യാറാക്കിയ ജംബോ ലിസ്റ്റിൽ ഹൈക്കമാന്‍റിന് വലിയ അമര്‍ഷമുണ്ട്. 25 പേരുടെ പട്ടികയുമായാണ് മുല്ലപ്പള്ളി ദില്ലിയിലെത്തിയതെങ്കിലും ഗ്രൂപ്പ് നേതാക്കൾ ഇടപെട്ട് പട്ടികയിൽ തിരുത്തൽ വരുത്തി. ഒരാൾക്ക് ഒറ്റപ്പദവി അടക്കമുള്ള കാര്യങ്ങളിലും ഗ്രൂപ്പ് നേതാക്കളുടെ സമ്മര്‍ദ്ദം തുടരുകയാണ്. 

ആലപ്പുഴ തിരുവനന്തപുരം കൊല്ലം ജില്ലകളിൽ നിന്ന് തയ്യാറാക്കിയ ഭാരവാഹികളുടെ ലിസ്റ്റിലാണ് ക്രിമിനൽ പശ്ചാത്തലം ഉള്ളവര്‍ കടന്ന് കൂടിയത്. എ, ഐ ഗ്രൂപ്പു നേതാക്കളുമായി അടുപ്പമുള്ളവരാണ് പട്ടികയിൽ കടന്ന് കൂടിയത് എന്നത് കൊണ്ട് തന്നെ ഇവരെ മാറ്റാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വച്ചാൽ പോലും നേതാക്കൾ വഴങ്ങാത്ത അവസ്ഥയാണ്. അതുകൊണ്ട് കൂടിയാണ് കെപിസിസി അധ്യക്ഷൻ ഇക്കാര്യത്തിൽ ഹൈക്കമാന്‍റിന്‍റെ സഹായം അഭ്യര്‍ത്ഥിച്ചതെന്നാണ് സൂചന. 

പലതലങ്ങളിൽ ചര്‍ച്ചകൾ നടന്നെങ്കിലും കെപിസിസി പുനസംഘട അനന്തമായി നീളുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ജംബോ പട്ടികയിൽ എന്ത് ചെയ്യുമെന്ന് അന്തിച്ച് നിൽക്കുന്ന നേതൃത്വത്തിന് മുന്നിലേക്കാണ് പട്ടികയിൽ കടന്ന് കൂടിയ ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ പേരുകൾ പുതിയ തലവേദനയാകുന്നത് 

click me!