സാലറി ചലഞ്ച് സമ്മതപത്രം വാങ്ങിമാത്രം; ദുരിതാശ്വാസ നിധി സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്നും മുല്ലപ്പള്ളി

By Web TeamFirst Published Apr 1, 2020, 4:40 PM IST
Highlights

പ്രളയകാലത്തിന്റെ ദുരന്തം പേറുന്ന പതിനായിരങ്ങള്‍ക്ക്ആശ്വാസം എത്തിക്കാന്‍ സര്‍ക്കാരിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. അനര്‍ഹരായ പലരും പട്ടികയിൽ ഇടംപിടിക്കുകയും ചെയ്തിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. 
 

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അധ്യാപകരില്‍ നിന്നും സമ്മതപത്രം വാങ്ങിമാത്രമേ സാലറി ചലഞ്ച് നടത്താവുവെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. സാമ്പത്തികമായി ഏറെ ബുദ്ധമുട്ട് അനുഭവിക്കുന്ന സാഹചര്യത്തില്‍ എല്ലാ വിഭാഗത്തിലുള്ള ജീവനക്കാരിലും സാലറി ചലഞ്ച് അടിച്ചേൽപ്പിക്കരുതെന്നും മുല്ലപ്പള്ളി പറഞ്ഞു. 

ചികിത്സാ ചെലവ്, കുട്ടികളുടെ വിദ്യാഭ്യാസം, വിലക്കയറ്റം എന്നിവ കൊണ്ട് പ്രയാസം അനുഭവിക്കുന്ന ജീവനക്കാരെയും അധ്യാപകന്‍മാരെയും നിര്‍ബന്ധിത സാലറി ചലഞ്ചിന്റെ പേരില്‍ പീഢിപ്പിക്കാന്‍ പാടില്ല. കൊവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരെയും പൊലീസുകാരെയും ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്ന ക്ലാസ് ഫോര്‍ സര്‍ക്കാര്‍ ജീവനക്കാരെയും നിര്‍ബന്ധിത സാലറി ചലഞ്ചില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

പ്രളയഫണ്ട് വിനിയോഗം സംബന്ധിച്ച് ആക്ഷേപങ്ങളും സംശയങ്ങളും നിലനില്‍ക്കുന്നുണ്ട്. ഓഖിയിലും രണ്ട് പ്രളയത്തിലും ദുരന്തം പേറുന്ന പതിനായിരങ്ങള്‍ക്ക് ആശ്വാസം എത്തിക്കാന്‍ സര്‍ക്കാരിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. പ്രളയകാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തിര സാമ്പത്തികസഹായം പോലും കിട്ടാതെ പലരും ആത്മഹത്യ ചെയ്തിട്ടുണ്ട്. അര്‍ഹരായ പലര്‍ക്കും ആശ്വാസസഹായം കിട്ടിയില്ലെന്ന് മാത്രമല്ല പട്ടികയില്‍ ഇടം പിടിച്ചവരില്‍ അനര്‍ഹരുമുണ്ടായിരുന്നു. പ്രളയഫണ്ട് തട്ടിപ്പുകേസില്‍ പ്രതികള്‍ സിപിഎമ്മുകാരാണ്. അതുകൊണ്ട് തന്നെ ദുരിതാശ്വാസ ഫണ്ട് വിനിയോഗം സംബന്ധിച്ച് ധവളപത്രം ഇറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം മുല്ലപ്പള്ളി പറഞ്ഞു.

click me!