ഡിജിപിക്കെതിരായ പരാമർശം: കേസെടുത്താല്‍ നിയമപരമായി നേരിടും, പരസ്യപ്രസ്താവനയ്ക്കില്ലെന്ന് മുല്ലപ്പള്ളി

By Web TeamFirst Published Aug 31, 2019, 5:32 PM IST
Highlights

ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പോസ്റ്റൽ വോട്ട് വിവാദവുമായി ബന്ധപ്പെട്ടാണ് മുല്ലപ്പള്ളി ഡിജിപിയെ വിമർശിച്ചത്. 

തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബഹ്റക്കെതിരെയുള്ള പരാമർശത്തിൽ കേസെടുത്താൽ നിയമപരമായി നേരിടുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതുവരെ നോട്ടിസൊന്നും ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പരസ്യപ്രസ്താവനയ്ക്കില്ലെന്നും തന്‍റെ നിലപാട് കോടതിയെ അറിയിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.  

ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പോസ്റ്റൽ വോട്ട് വിവാദവുമായി ബന്ധപ്പെട്ടാണ് മുല്ലപ്പള്ളി ഡിജിപിയെ വിമർശിച്ചത്. ഇടതുനിയന്ത്രണത്തിലുള്ള പൊലീസ് അസോസിയേഷന് പോസ്റ്റൽ വോട്ടുകള്‍ തട്ടിയെടുക്കാൻ ഡിജിപി സഹായം നൽകുന്നവെന്നായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം. സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ ബെഹ്റ പെരുമാറുന്നു എന്നായിരുന്നു മുല്ലപ്പള്ളിയുടെ കുറ്റപ്പെടുത്തല്‍. ഈ പ്രസ്താവനക്കെതിരെ മാനനഷ്ട കേസ് നൽകാൻ അനുമതി ആവശ്യപ്പെട്ട് ബെഹ്റ നല്‍കിയ കത്തിലാണ് സർക്കാര്‍ അനുമതി നല്‍കിയത്.

തരൂര്‍ വിഷയത്തെക്കുറിച്ചും പാലാ ഉപതെരഞ്ഞെടുപ്പിനെക്കുറിച്ചും മുല്ലപ്പള്ളി പ്രതികരിച്ചു. തരൂര്‍ വിഷയം അടഞ്ഞ അധ്യായമാണ്, നേതാക്കൾ പരസ്യപ്രസ്താവന നടത്തരുതെന്ന് നേരത്തെ തന്നെ നിർദ്ദേശിച്ചിട്ടുള്ളതാണെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. കേരളാ കോണ്‍ഗ്രസിലെ തര്‍ക്കത്തിന് രണ്ടുദിവസത്തിനുള്ളില്‍ പരിഹാരമാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 

click me!