'സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് മുല്ലപ്പള്ളി മാപ്പ് പറയണം'; വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു

By Web TeamFirst Published Nov 1, 2020, 8:34 PM IST
Highlights

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ അടിയന്തരമായി താൻ നടത്തിയ നീചമായ സ്ത്രീവിരുദ്ധ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ എം സി ജോസഫൈൻ 

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ വനിതാ കമ്മിഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. സ്ത്രീവിരുദ്ധ പ്രസ്താവന പിൻവലിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ മാപ്പ് പറയണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ എം സി ജോസഫൈൻ ആവശ്യപ്പെട്ടു. രാഷ്ട്രീയ നേതാക്കൾ അടിക്കടി സ്ത്രീവിരുദ്ധ പരാമർശവുമായി രംഗത്തു വരുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണ്. കേരളപ്പിറവിദിനത്തിൽ പോലും സ്ത്രീ സമൂഹത്തിനെതിരെ നടക്കുന്ന അതിനീചമായ പരാമർശങ്ങൾ രാഷ്ട്രീയ വിദ്വേഷത്തിന്‍റെ പേരിലായാൽക്കൂടി അനുവദിച്ചുകൂടാ. ഇത്തരക്കാരെ നിലയ്ക്ക് നിർത്താൻ രാഷ്ട്രീയ നേതൃത്വത്തിന് കരുത്തുണ്ടാകണമെന്നും എം സി ജോസഫൈന്‍ പറഞ്ഞു.

സര്‍ക്കാരിനെതിരെയുളള വഞ്ചനാ ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടന വേദിയിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്ത്രീ വിരുദ്ധ പമാര്‍ശം നടത്തിയത്. ബലാല്‍സംഗത്തിനിരയായാൽ ഒന്നുകില്‍ മരിക്കും അല്ലെങ്കിൽ അത് ആവര്‍ത്തിക്കാതെ നോക്കുമെന്നായിരുന്നു  മുല്ലപ്പള്ളിയുടെ പ്രസ്താവന. എന്നാല്‍ പ്രസ്‍താവന വിവാദമായതോടെ മുല്ലപ്പള്ളി നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചു. കെപിസിസി അധ്യക്ഷന്‍റെ മാനസിക നില വ്യക്തമാക്കുന്നതാണ് ഈ പരാമര്‍ശമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. നേരത്തെ ആരോഗ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തി വിവാദത്തിലായെങ്കിലും അത് പിൻവലിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. 

click me!