
കണ്ണൂർ: ചെറുപുഴയിൽ ആത്മഹത്യ ചെയ്ത കരാറുകാരൻ ജോയിയുടെ സാമ്പത്തിക ബാധ്യതകൾ പാർട്ടി ഏറ്റെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതിന്റെ ആദ്യ ഗഡു ഉടൻ കൈമാറുമെന്നും പാർട്ടി നേതാക്കൾ ഉൾപ്പെട്ട ട്രസ്റ്റുകളുടെ പ്രവർത്തനം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു. കെ കരുണാകരൻ ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജോയിയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
ട്രസ്റ്റിന്റെ ക്രമക്കേടുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പഠിക്കുന്നതെ ഉള്ളു. മൂന്നംഗ സമിതി അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. സത്യസന്ധമായും സുതാര്യമായും കേസന്വേഷിക്കണമെന്നാണ് സമിതിയോട് താൻ പറഞ്ഞിട്ടുള്ളതെന്നും മുല്ലപ്പള്ളി അറിയിച്ചു.
കെ കരുണാകരൻ ട്രസ്റ്റുമായി ബന്ധപ്പെട്ടാണ് ഈ കേസിൽ ഏറ്റവും കൂടുതൽ ആരോപണങ്ങൾ ഉണ്ടായത്. കരാർതുകയായ ഒരുകോടി നാല്പത് ലക്ഷം രൂപ നൽകാത്തതിനെ തുടർന്നാണ് ജോയി ആത്മഹത്യ ചെയ്തതെന്നായിരുന്നു ആരോപണം. ജോയിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പാർട്ടിക്ക് ബന്ധമില്ല എന്നായിരുന്നു ആദ്യം നേതൃത്വം എടുത്തിരുന്ന നിലപാട്. എന്നാൽ കഴിഞ്ഞ ദിവസം ജോയിയുടെ കുടുംബാംഗങ്ങളെയും ട്രസ്റ്റിലുള്ള ആളുകളെയും ഉൾപ്പെടുത്തി ചർച്ച നടത്തിയതിന് ശേഷമാണ് ഒരു സമവായത്തിലേക്ക് കോൺഗ്രസ് എത്തിയിരിക്കുന്നത്.
അതേസമയം, ടി സിദ്ധിഖിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ തെളിവെടുപ്പ് ജോയിയുടെ വീട്ടിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്‍റിന് ജോയിയുടെ മകൻ ഡെൻസ് കത്ത് എഴുതിയിരുന്നു. പ്രാദേശിക കോൺഗ്രസ് നേതാക്കൾക്ക് ജോയിയുടെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കുന്നതായിരുന്നു ഡെൻസിന്റെ കത്ത്.
ജോയിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. മരിക്കുന്നതിന് തലേദിവസം മുദ്രപത്രം അടക്കമുള്ള രേഖകൾ സഹിതമാണ് ജോയ് പോയതെന്നും ഈ രേഖകൾ കാണാനില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കണമെന്നും കുടുംബം ആവശ്യപ്പെട്ടതാണ്. സംഭവദിവസം രാത്രി 3.30 വരെ പൂർണമായി തെരച്ചിൽ നടത്തിയ അതേ കെട്ടിടത്തിൽ തന്നെ മൃതദേഹം കണ്ടതിൽ ദുരൂഹതയുണ്ട്. അപായപ്പെടുത്തിയ ശേഷം മൃതദേഹം അവിടെ കൊണ്ടുവന്നുവച്ചതാകമെന്ന സംശയവും കുടുംബം ഉയർത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam