
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇത് കേരളത്തോടുള്ള വെല്ലുവിളിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ലാഭകരമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഈ വിമാനത്താവളം അദാനിക്ക് തീറെഴുതിക്കൊടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഒരിക്കലും അനുവദിക്കാന്‍ പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജയ്പൂര്‍, ഗുവഹത്തി എന്നിവയാണ് തിരുവനന്തപുരത്തോടൊപ്പം അദാനിക്ക് കൈമാറുന്നത്. അഹമ്മദാബാദ്, ലക്‌നൗ, മംഗലാപുരം വിമാനത്താവളങ്ങള്‍ നേരത്തെ നൽകി കഴിഞ്ഞു. ഇന്ത്യന്‍ വ്യോമയാന മേഖല മൊത്തത്തില്‍ അദാനിക്ക് അടിയറവ് വയ്ക്കുകയാണെന്ന് മുല്ലപ്പള്ളി പത്രക്കുറിപ്പിൽ പറയുന്നു.
രണ്ടില്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍ ഒരാള്‍ക്ക് നൽകരുതെന്ന കേന്ദ്ര ധനകാര്യവകുപ്പിന്റെയും നീതി ആയോഗിന്റെയും വ്യക്തമായ മാര്‍ഗ നിര്‍ദേശം മറികടന്നുകൊണ്ടാണ് അദാനിക്കു നൽകിയത്. അദാനിക്ക് വ്യോമയാന രംഗത്ത് ഒരു മുന്‍പരിചയവുമില്ല. ഇതിന് പിന്നാലെ കോഴിക്കോട് ഉള്‍പ്പെടെയുള്ള ചില വിമാനത്താവളങ്ങള്‍ കൂടി വിൽക്കാന്‍ നീക്കമുണ്ട്.
സ്വകാര്യവത്കരണ നടപടി നേരത്തെ ആരംഭിച്ചിട്ടും ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ആദ്യം ചെറുവിരല്‍ അനക്കിയില്ല. പിന്നീട് ലേലത്തില്‍ പങ്കെടുത്ത് എന്നുവരുത്തി പരാജയപ്പെടുകയും ചെയ്തു. ജനരോഷം ഇരമ്പിയപ്പോഴാണ് സര്‍ക്കാര്‍ തിരുത്താന്‍ തയാറയത്. തിരുവനന്തപുരം വിമാനത്താവളം വില്‍ക്കുന്നതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിലും പ്രധാനമന്ത്രിയെ കണ്ട് സമ്മര്‍ദം ചെലുത്തുന്നതിലും സംസ്ഥാന സര്‍ക്കാന്‍ പൂര്‍ണമായി പരാജയപ്പെട്ടുവെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
Read Also: 'കൊവിഡിന്‍റെ മറവിൽ പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്രം സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്നു', പ്രതിഷേധവുമായി ചെന്നിത്തല
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam