
കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസിൽ പ്രതിയായ സ്ത്രീയെ കോടതിയിൽ ഹാജരാക്കിയതിൽ ഗുരുതര മനുഷ്യാവകാശ വീഴ്ച സംഭവിച്ചതായി ആരോപണം ശക്തമാവുന്നു. രതി ആവശ്യപ്പെട്ടിടും ശുചിമുറി സൗകര്യം ഒരുക്കാൻ ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരാരും തയ്യാറായില്ലെന്നാണ് ആക്ഷേപമുയരുന്നത്. പതിനഞ്ചാം പ്രതിയായ രതിക്കാണ് പറവൂർ കോടതിയിലെ പ്രതിക്കൂട്ടിൽ നിന്ന് വനിതാ പൊലീസുകാരുടെ സാന്നിദ്ധ്യത്തിൽ മൂത്രം ഒഴിക്കേണ്ടി വന്നത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതികരണം.
പ്രതിക്കൂട്ടിലെ നിലത്ത് വെള്ളം കിടക്കുന്നുണ്ടോയെന്ന് കോടതിമുറിയിലുള്ളവർ ആദ്യം സംശയിച്ചു. പക്ഷേ പിന്നീടാണ് രതി മൂത്രമൊഴിച്ചതാണെന്ന് ബോധ്യപ്പെട്ടത്. രതി നാല് വയസ്സുള്ള മകനെ ഒക്കത്ത് വെച്ചാണ് പ്രതിക്കൂട്ടിൽ കയറിയത്. തൊട്ടടുത്തുണ്ടായിരുന്ന മൂന്ന് വനിതാ പൊലീസുകാർ രതി മൂത്രമൊഴിച്ച വിവരം ശ്രദ്ധിച്ച മട്ടുണ്ടായില്ലെന്ന് കോടതി മുറിയിലുണ്ടായിരുന്നവർ പറയുന്നു. ജഡ്ജി ഉൾപ്പടെ മുറിയിലെ അധികമാരും സംഭവം അറിഞ്ഞതുമില്ല.
ക്യു ബ്രാഞ്ചിന്‍റെ സഹായത്തോടെയാണ് മുനമ്പം കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം രതി ഉൾപ്പടെ ഏഴ് പേരെ അറസ്റ്റ് ചെയ്തത്. പതിനൊന്നാം പ്രതിയായ ഇളയരാജയുടെ ഭാര്യയാണ് രതി. ശ്രീലങ്കയിൽ നിന്നെത്തിയ തമിഴ് വംശജരായ ഏഴ് പ്രതികളെയും കോടതി റിമാന്‍റ് ചെയ്തു. പ്രതികളുടെ അവകാശം സംരക്ഷിച്ചാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് കോടതിയെ അറിയിച്ചു. ഏഴ് പ്രതികളെയും ജയിലിലേക്ക് മാറ്റി. ഇളയ കുട്ടിയെ രതിക്കൊപ്പം ജയിലിലേക്ക് അയക്കാൻ കോടതി അനുവദിച്ചു. മാലമോഷണം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് രതിയെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ പ്രതികരണം.
ശൗചാലയത്തില്‍ പോകാന്‍ അധ്യാപകന്‍ അനുവദിക്കാഞ്ഞതിനെത്തുടര്‍ന്ന് പരീക്ഷാഹാളില്‍ മലമൂത്രവിസര്‍ജ്ജനം നടത്തേണ്ടി വന്ന വിദ്യാര്‍ത്ഥിയുടെ നിസ്സഹായവസ്ഥ കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയും ബാലാവകാശകമ്മീഷന്‍ അടക്കം വിഷയത്തില്‍ ഇടപെടുകയും ചെയ്തു. ഇതിന് സമാനമായ മനുഷ്യാകാശലംഘനമാണ് ഈ സംഭവത്തിലും നടന്നിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam