മുണ്ടക്കൈ മേഖലയിലും ചൂരൽമലയിലും കനത്തമഴ; വില്ലേജ് ഓഫീസറെ തടഞ്ഞു, പ്രതിഷേധവുമായി നാട്ടുകാർ, ഉരുൾപൊട്ടൽ ഉണ്ടായില്ലെന്ന് റിപ്പോർട്ട്

Published : Jun 25, 2025, 11:49 AM ISTUpdated : Jun 25, 2025, 01:00 PM IST
chooralmala rain

Synopsis

പ്രതിഷേധം ശക്തമായതോടെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.

കൽപ്പറ്റ: വയനാട്ടിൽ മുണ്ടക്കൈയിലും ചൂരൽ മഴയിലും മഴ ശക്തമായതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ. സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറേയും റവന്യു ഉദ്യോ​ഗസ്ഥരേയും നാട്ടുകാർ തടഞ്ഞു. ഉരുൾപൊട്ടൽ ധനസഹായവുമായി ബന്ധപ്പെട്ട് സർക്കാർ വാക്ക് പാലിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ധനസഹായം വിതരണം ചെയ്തതിൽ പാകപ്പിഴ ഉണ്ടായെന്നും സുരക്ഷിതമല്ലാത്ത സ്ഥലങ്ങൾ പോലും സുരക്ഷിതമെന്ന് അറിയിച്ചെന്ന് ജനങ്ങളെ താമസിപ്പിച്ചെന്നും നാട്ടുകാർ പറയുന്നു. പ്രതിഷേധം ശക്തമായതോടെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ഇവരേയും നാട്ടുകാർ തടഞ്ഞു. ഇതോടെ വില്ലേജ് ഓഫീസറും ഉദ്യോ​ഗസ്ഥരും സ്ഥലത്ത് നിന്ന് പിൻവാങ്ങിയിരിക്കുകയാണ്.

പുനരധിവാസത്തിലെ പിഴ, സുരക്ഷിത സ്ഥാനങ്ങളെ കുറിച്ച് തർക്കം ഇവയാണ് നാട്ടുകാർ പറയുന്ന വിഷയങ്ങൾ. തൊഴിൽ നഷ്ടപ്പെട്ടവർക്ക് യാതൊരു തരത്തിലുള്ള സഹായവും ലഭിച്ചില്ലെന്നും നാട്ടുകാർ പറഞ്ഞു. നിലവിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്നും ആശങ്കപ്പെടേണ്ടെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. മണ്ണൊഴുകി വരുന്നത് മൂലമാണ് ചളിവെള്ളം പുഴയിലൂടെ എത്തുന്നതെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ പറഞ്ഞു. ചൂരൽമലയിലും മുണ്ടക്കൈയിലുമുള്ള തൊഴിലാളികളെ സ്ഥലത്ത് നിന്ന് മാറ്റി. കനത്തമഴയാണ് പെയ്തതെന്നും ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്നും ഇക്കരയെത്തിയ തൊഴിലാളികളും പറഞ്ഞു.

മുണ്ടക്കൈ മേഖലയിൽ ഉരുൾപൊട്ടിയതായി സംശയമുണ്ടെന്ന് നാട്ടുകാരാണ് പറഞ്ഞത്. മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടതായാണ് നാട്ടുകാർ പറഞ്ഞത്. കനത്ത മഴയിൽ പുന്ന പുഴയിൽ ഒഴുക്ക് ശക്തമായി. വില്ലേജ് റോഡിൽ വെള്ളം കയറി. പുഴയിലൂടെ ഒഴുകുന്നത് ചെളി കലങ്ങിയ വെള്ളമാണ്. മണ്ണിടിച്ചിൽ എവിടെയെങ്കിലും ഉണ്ടോ എന്ന് ഇതിൻ്റെ അടിസ്ഥാനത്തിലാണ് അധികൃതർ പരിശോധിച്ചത്. മുണ്ടക്കൈ വനമേഖലയിൽ നൂറു മില്ലിമീറ്റർ മഴ പെയ്തുവെന്നാണ് ലഭ്യമാകുന്ന സൂചനകൾ. നിലവിൽ ചൂരൽമരയിൽ ശക്തമായ മഴ തുടരുകയാണ്.

PREV
Read more Articles on
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ