മൂന്നാർ കയ്യേറ്റം: പ്രത്യേക ദൗത്യസംഘം അന്വേഷണം ആരംഭിച്ചു

By Web TeamFirst Published Jul 6, 2020, 7:24 AM IST
Highlights

മൂന്നാർ ദേവികുളത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ വ്യാപക കയ്യേറ്റവും ഉദ്യോഗസ്ഥതല അഴിമതിയും നടന്നെന്ന് ഡെപ്യൂട്ടി കളക്ടർ കണ്ടെത്തിയിരുന്നു

ഇടുക്കി: മൂന്നാർ കയ്യേറ്റത്തെ കുറിച്ച് പ്രത്യേക ദൗത്യസംഘം അന്വേഷണം തുടങ്ങി. ദേവികുളം സബ്കളക്ടറുടെ നേതൃത്വത്തിലുള്ള ഒൻപതംഗ സംഘമാണ് അന്വേഷിക്കുന്നത്. ദൗത്യസംഘത്തിന്‍റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ ഇടുക്കി കളക്ടർ തുടർനടപടികൾ സ്വീകരിക്കും.

മൂന്നാർ ദേവികുളത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ വ്യാപക കയ്യേറ്റവും ഉദ്യോഗസ്ഥതല അഴിമതിയും നടന്നെന്ന് ഡെപ്യൂട്ടി കളക്ടർ കണ്ടെത്തിയിരുന്നു. ഒരു വർഷത്തിനിടെ മാത്രം ദേവികുളത്ത് 110 കൈവശാവകാശ രേഖകളാണ് റവന്യൂവകുപ്പ് വഴിവിട്ട് നൽകിയത്. ഇതേത്തുടർന്നാണ് കയ്യേറ്റം അന്വേഷിക്കാൻ ജില്ലാ കളക്ടർ പ്രത്യേക സംഘത്തെ നിയോഗിച്ചത്. ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഇടുക്കി അസി. കളക്ടര്‍ സൂരജ് ഷാജി, മൂന്നാരർ സ്‌പെഷ്യൽ തഹസിൽദാർ ബിനുജോസഫ്, മൂന്ന് ഡെപ്യൂട്ടി തഹസില്‍ദ്ദാർ, മൂന്ന് ക്ലർക്കുകൾ എന്നിവരാണുള്ളത്. കെഡിഎച്ച് വില്ലേജിലെ സര്‍ക്കാർ ഭൂമി കയ്യേറ്റവും, വ്യാജരേഖ ചമയ്ക്കടലടക്കമുള്ള പരാതികളും സംഘം പരിശോധിക്കുന്നുണ്ട്.

ദേവികുളം പഞ്ചായത്തിൽ ലൈഫ് പദ്ധതിയുടെ മറവിലായിരുന്നു കയ്യേറ്റം. ഇതിന് കൂട്ടുനിന്നതിന് ദേവികുളം ഡെപ്യൂട്ടി തഹസിൽദാർ ഉൾപ്പെടെ റവന്യൂ വകുപ്പിലെ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ഇവർക്കൊപ്പം കൂടുതൽ ഉദ്യോഗസ്ഥർ അഴിമതിയിൽ പങ്കാളികളായിട്ടുണ്ടോ എന്നും സംഘം പരിശോധിക്കും. കെഡിഎച്ച് വില്ലേജ് ഓഫീസിലെ രേഖകൾ നശിപ്പിച്ചത് സംബന്ധിച്ചും സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സംഘത്തിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

click me!