മൂന്നാറിൽ സർക്കാർ ഭൂമി കയ്യേറാൻ ഒത്താശ ചെയ്തു: ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ

By Web TeamFirst Published May 27, 2020, 3:57 PM IST
Highlights

ദേവികുളം കെഡിഎച്ച് വില്ലേജിൽ 2017ൽ കയ്യേറ്റമൊഴിപ്പിച്ച് സർക്കാർ ഏറ്റെടുത്ത ഭൂമിയാണ് ഡെപ്യൂട്ടി തഹസിൽദാർ ടി എസ് സനൽ കുമാർ കയ്യേറ്റക്കാരന് തരപ്പെടുത്തിക്കൊടുത്തത്. 

ഇടുക്കി: ഇടുക്കി ദേവികുളത്ത് സർക്കാർ ഭൂമി കയ്യേറാൻ ഒത്താശ ചെയ്ത ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ. കയ്യേറ്റ ഭൂമിക്ക് റവന്യൂ രേഖകളിൽ തിരിമറി നടത്തി കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകിയ കെഡിഎച്ച് ഡെപ്യൂട്ടി തഹസിൽദാർ സനൽ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. തിരിമറി സംബന്ധിച്ച വാർത്ത പുറത്തുകൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസായിരുന്നു.

ദേവികുളം കെഡിഎച്ച് വില്ലേജിൽ 2017ൽ കയ്യേറ്റമൊഴിപ്പിച്ച് സർക്കാർ ഏറ്റെടുത്ത ഭൂമിയാണ് ഡെപ്യൂട്ടി തഹസിൽദാർ ടി എസ് സനൽ കുമാർ കയ്യേറ്റക്കാരന് തരപ്പെടുത്തിക്കൊടുത്തത്. ആരോഗ്യവകുപ്പിലെ മുൻ ഉദ്യോഗസ്ഥൻ ടി മണിയായിരുന്നു കയ്യേറ്റക്കാരൻ. ഇയാൾക്കെതിരെ കേസെടുക്കാനും കളക്ടർ നിർദ്ദേശിച്ചിരുന്നു. ഇതെല്ലാം അട്ടിമറിച്ച് റവന്യൂ രേഖകളിൽ തിരിമറി നടത്തി സനൽകുമാർ മണിക്ക് കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകി. ഇതുവച്ച് മണി ഭൂമിയിൽ ലൈഫ് പദ്ധതിപ്രകാരം വീടും വച്ചു. ഭൂമി കയ്യേറ്റവും ഉദ്യോഗസ്ഥരുടെ ഒത്താശയും ചൂണ്ടിക്കാണിച്ച് മൂന്നാർ സ്പെഷ്യൽ തഹസിൽദാർ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം നടത്താൻ സബ് കളക്ടറെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തിയത്. 

സബ് കളക്ടറുടെ അന്വേഷണത്തിൽ കയ്യേറ്റവും രേഖകളിലെ തിരിമറിയും ബോധ്യപ്പെട്ടു. ഇതിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി തഹസിൽദാരെ ജില്ലാ കളക്ടർ സസ്പെൻഡ് ചെയ്തത്. സമാനരീതിയിൽ കൂടുതൽ കയ്യേറ്റഭൂമികൾക്ക് സനൽകുമാർ കൈവശാവകാശ രേഖകൾ നൽകിയതായും ആരോപണമുണ്ട്. ഇതിലും സമഗ്രഅന്വേഷണം വേണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.

click me!