മൂന്നാർ രാജമലയിൽ ഇനി കുടുങ്ങിക്കിടക്കുന്നത് 67 പേർ, വൻ ദുരന്തം, എയർലിഫ്റ്റിംഗില്ല

Published : Aug 07, 2020, 12:44 PM ISTUpdated : Aug 07, 2020, 12:51 PM IST
മൂന്നാർ രാജമലയിൽ ഇനി കുടുങ്ങിക്കിടക്കുന്നത് 67 പേർ, വൻ ദുരന്തം, എയർലിഫ്റ്റിംഗില്ല

Synopsis

പ്രദേശത്തെ ആശയവിനിമയസംവിധാനങ്ങളെല്ലാം തകർന്നുപോയതിനാൽ ഈ വിവരം പുറത്തേക്ക് അറിയാൻ തന്നെ ഏറെ വൈകി. മണിക്കൂറുകൾക്ക് ശേഷം ആദ്യം ഇവിടെ എത്തിയത് ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ്. 

മൂന്നാർ: ഇടുക്കി മൂന്നാറിലെ രാജമലയിൽ ഉണ്ടായ കനത്ത മണ്ണിടിച്ചിലിൽ അഞ്ച് പേർ മരിച്ചതായി ജില്ലാ ഭരണകൂടം. ഇവരുടെ മൃതദേഹം ലഭിച്ചതായി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. പത്ത് പേരെ രക്ഷപ്പെടുത്തി ടാറ്റാ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇതിൽ ഗുരുതരാവസ്ഥയിലുള്ള ഒരാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും. 

മൂന്നാറിൽ നിന്ന് 20 കിലോമീറ്റർ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. 83 പേർ താമസിച്ചിരുന്ന ലയങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞിറങ്ങി വീഴുകയായിരുന്നുവെന്നും, രണ്ട് ലയങ്ങൾ പൂർണമായി തകർന്നുവെന്നുമാണ് വിവരം. ഇവിടെ 67 പേരെങ്കിലും കുടുങ്ങിയിട്ടുണ്ടെന്നാണ് രക്ഷാപ്രവർത്തകർ നൽകുന്ന പ്രാഥമികവിവരം. തമിഴ് തോട്ടം തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. ആസ്ബസ്റ്റോസ് ഷീറ്റുകളിട്ട ലയങ്ങളിൽ പലതും പൂർണമായും മണ്ണിനടിയിലായി എന്നാണ് വിവരം. ഒരു വശത്ത് നദി ശക്തമായി കുത്തിയൊഴുകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം സജീവമായി പുരോഗമിക്കുകയാണ്. കാലാവസ്ഥ അനുകൂലമായാൽ എയർലിഫ്റ്റിംഗ് അടക്കം സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ കനത്ത മഴയും മഞ്ഞും ഉള്ളതിനാൽ നിലവിൽ എയർലിഫ്റ്റിംഗ് സാധ്യമല്ലാത്ത സ്ഥിതിയാണ് എന്നാണ് റവന്യൂമന്ത്രി ഇ ചന്ദ്രശേഖറൻ വ്യക്തമാക്കിയത്. 

നിലവിൽ പെരിയവര പാലത്തിന് നടുവിൽ ജെസിബി ഉപയോഗിച്ച് മണ്ണിട്ട് താൽക്കാലികമായി അപ്രോച്ച് റോഡ് നിർമിച്ചിരിക്കുകയാണ്. ഇത് വഴിയാണ് പരിക്കേറ്റവരെ പുറത്തേക്ക് എത്തിച്ചത്. 

ദേശീയ ദുരന്തപ്രതികരണസേനയെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തൃശ്ശൂരിൽ നിന്നുള്ള എൻഡിആർഎഫ് സംഘത്തെയും സ്ഥലത്തേക്ക് നിയോഗിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയോ പുലർച്ചെയോ ആയി ഉണ്ടായ അപകടം ഏറെ വൈകിയാണ് പുറംലോകമറിഞ്ഞത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ പ്രദേശവാസികൾ എത്തി വിവരമറിയിക്കാൻ മണിക്കൂറുകൾ വൈകിയിട്ടുണ്ട്. ഇരവികുളം നാഷണൽ പാർക്ക് അവസാനിക്കുകയും ഇടമലക്കുടി തുടങ്ങുകയും ചെയ്യുന്ന മേഖലയിലാണ് അപകടമുണ്ടായിട്ടുള്ളത്. 

മൂന്നാറിൽ നിന്ന് ഏതാണ്ട് 20 കിലോമീറ്റർ ദൂരം മാത്രമേ ഇവിടേയ്ക്ക് ഉള്ളൂ. പക്ഷേ വഴിയിലുള്ള പെരിയവര താൽക്കാലികപാലം ഒലിച്ചുപോയതോടെ, ഫോറസ്റ്റ് ചുറ്റിയുള്ള വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. താൽക്കാലികമായി ഇവി‍ടെ ഒരു അപ്രോച്ച് റോഡ് കെട്ടിപ്പൊക്കിയിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി അവിടെ വൈദ്യുതിയുണ്ടായിരുന്നില്ല, മൊബൈൽ ഫോൺ ടവറുകൾ കഴിഞ്ഞ ജനുവരിയിൽ മാത്രമാണ് അവിടെ എത്തിയത്. ഇതും തകർന്നതായാണ് വിവരം. ലാൻഡ് ലൈനുകളും പ്രവ‍ർത്തിക്കുന്നില്ല. താൽക്കാലികമായി ജനറേറ്ററുകളടക്കം സാമഗ്രികളുമായാണ് അവിടേക്ക് രക്ഷാദൗത്യസംഘം പുറപ്പെട്ടിരിക്കുന്നത്. വനംവകുപ്പിന്‍റെയും തദ്ദേശവാസികളുടെയും നേതൃത്വത്തിലാണ് ഇവിടെ ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഊരാളുങ്കലിന് 4 കോടി, കുമരകം ഗോകുലം ഗ്രാന്‍ഡ് റിസോര്‍ട്ടിന് 12 ലക്ഷം, ആഗോള അയ്യപ്പ സംഗമം നടത്തിപ്പിൽ ഇനിയും ബോര്‍ഡ് നൽകാനുള്ളത് കോടികള്‍
സെൽഫിക്ക് ശ്രമിച്ചിട്ടില്ല, പിണറായി വിജയൻ നീരസം കാണിച്ചെന്ന വീഡിയോ വൈറലായതിന് പിന്നാലെ ആരോപണം തള്ളി ആതിര ഗ്രേസ്