ഐശ്വര്യ കേരള യാത്ര കോഴിക്കോട് ജില്ലയിൽ, ശ്രദ്ധേയമായി മുരളീധരൻ്റേയും മുല്ലപ്പള്ളിയുടേയും അസാന്നിധ്യം

By Web TeamFirst Published Feb 4, 2021, 1:27 PM IST
Highlights

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ്റെ സ്വദേശവും ഇവിടെയാണ്. മുരളീധരന് മുൻപ് പത്ത് കൊല്ലം വടകരയെ ലോക്സഭയിൽ പ്രതിനിധീകരിച്ച് മുല്ലപ്പള്ളിയാണ്.

കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര കോഴിക്കോട് ജില്ലയിൽ പര്യടനം തുടരുമ്പോൾ  കെ.മുരളീധരൻ്റേയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ്റേയും അസാന്നിധ്യം ശ്രദ്ധേയമായി. മുരളീധരൻ്റെ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന പേരാമ്പ്ര, കുറ്റിയാടി, നാദാപുരം,വടകര,നാദാപുരം അടക്കമുള്ള പ്രദേശങ്ങളിലൂടെയാണ് ഇന്ന് ഐശ്വര്യകേരളയാത്ര പര്യടനം നടത്തുന്നത്. 

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ്റെ സ്വദേശവും ഇവിടെയാണ്. മുരളീധരന് മുൻപ് പത്ത് കൊല്ലം വടകരയെ ലോക്സഭയിൽ പ്രതിനിധീകരിച്ച് മുല്ലപ്പള്ളിയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പക്ഷം കൽപറ്റയോടൊപ്പം മുല്ലപ്പള്ളി പരിഗണിക്കുന്നത് പേരാമ്പ്ര, കൊയിലാണ്ടി സീറ്റുകളാണ്. 

അതേസമയം യുഡിഎഫ് സർക്കാർ വന്നാൽ അധികാരത്തിലെത്തിയാൽ ശബരിമല വിഷയത്തിൽ നിയമനിർമ്മാണം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിത്യ ബ്രഹ്മചാരിയായ അയ്യപ്പനെ കാണാൻ ഒരു പ്രത്യേക പ്രായത്തിനിടയിലുള്ളവർ പോകാൻ പാടില്ലെന്നാണ് വിശ്വാസമെന്നും അതിനെ യുഡിഎഫ് സംരക്ഷിക്കുമെന്നും ചെന്നിത്തല പറഞ്ഞു. 

ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്ക് കാരണം സർക്കാർ നൽകിയ സത്യവാങ്മൂലമാണെന്നും ചെന്നിത്തല പറഞ്ഞു.  ഈ നിലപാട് യുഡിഎഫ് തിരുത്തുമെന്നും ഐശ്വര്യ കേരള യാത്രയുടെ പേരാമ്പ്രയിലെ സ്വീകരണത്തിൽ  ചെന്നിത്തല  പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ  ജാഥ പര്യടനം തുടരുകയാണ്.  വൈകീട്ട് അഞ്ച് മണിക്ക് കോഴിക്കോട് കടപ്പുറത്ത് ജില്ലയിലെ ജാഥയുടെ സമാപനം നടക്കും. മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കർണാടക പിസിസി അധ്യക്ഷൻ ‍ഡി.കെ.ശിവകുമാരാണ് ചടങ്ങിലെ മുഖ്യാതിഥി. സമാപന ചടങ്ങിലെങ്കിലും മുരളീധരനും മുല്ലപ്പള്ളിയും എത്തുമോ എന്നാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്. 

click me!