
തിരുവനന്തപുരം: ഡോക്ടർ വന്ദനദാസിന്റെ കൊലപാതകത്തിൽ വീഴ്ച്ചയുണ്ടായിട്ടില്ലെന്ന വിലയിരുത്തലുമായി പൊലീസ്. പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്തതെന്നും ആശുപത്രിയിൽ എത്തിക്കുന്നതു വരെ പ്രകോപനം ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സന്ദീപ് മറ്റ് കേസുകളിൽ പ്രതിയല്ല. പെട്ടെന്ന് ആക്രമണം ഉണ്ടായപ്പോൾ ഇടപെട്ട പൊലീസുകാർക്കും കുത്തേൽക്കുകയായിരുന്നു. അക്രമിയെ തടയുകയാണ് ചെയ്തതെന്നും വ്യക്തമാക്കുന്ന റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിക്കും.
എഫ്.ഐ.ആറിൽ മാറ്റം വരുത്തുകയും ചെയ്യും. ഡ്യൂട്ടി ഡോക്ടർ മുഹമ്മദ് ഷിബിന്റെ മൊഴിപ്രകാരം തയ്യാറാക്കിയ എഫ്ഐആറിൽ മാറ്റം വരുത്തുമെന്നാണ് വിവരം. എഫ്.ഐ.ആറിൽ കൂടുതൽ പിഴവുകളാണുള്ളത്. പ്രതി ആദ്യം അക്രമിച്ചത് ഡോ. വന്ദനയെ എന്നായിരുന്നു എഫ്ഐആർ. 8.30 ന് വന്ദനയുടെ മരണം സ്ഥിരീകരികരിച്ചിട്ടും എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയത് കൊലപാതക ശ്രമമെന്ന് മാത്രമാണ്. കൂടുതൽ ആളുകളുടെ മൊഴി ഇതിൽ തിരുത്തും. സംഭവം നടന്നത് കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ അറിഞ്ഞത് 8.15 നെന്നാണ് എഫ്.ഐ.ആറിലുള്ളത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്നും 1 കി.മീ മാത്രം അകലെയാണ് പൊലീസ് സ്റ്റേഷൻ. എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത് 9.39 ന് ആണ്. അതേസമയം, കേസിൽ ദൃക്സാക്ഷികളായ കൂടുതൽ പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന് രാവിലെ പത്തിന് നടക്കും.
ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി ഇന്നലെ രംഗത്തെത്തിയിരുന്നു. സംഭവം ഏറെ ദുഖകരമാണെന്ന് പറഞ്ഞ കോടതി, പൊലീസിന്റെ കൈയ്യിൽ തോക്കുണ്ടായിരുന്നില്ലേയെന്നും എന്തിനാണ് പൊലീസിന് തോക്കെന്നും ചോദിച്ചു. ജനങ്ങളുടെ പ്രാഥമിക സുരക്ഷാ ചുമതല പൊലീസിനല്ലേയെന്നും കോടതി ചോദിച്ചു.
സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിനോട് നാളെ ഓൺലൈനായി കോടതിയിൽ ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി ഇന്ന് ഹാജരാവുന്നത്. ഡോക്ടർ വന്ദനയ്ക്കെതിരെ ആക്രമണം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണം. സ്ഥലം മജിസ്ട്രേറ്റ് താലൂക്കാശുപത്രി സന്ദർശിച്ച് സംഭവങ്ങളും സാഹചര്യങ്ങളും സംബന്ധിച്ച് നാളെ രാവിലെ റിപ്പോർട്ട് നൽകണം. ഇക്കാര്യം ആശുപത്രി സൂപ്രണ്ട് ഉറപ്പാക്കണമെന്നുമായിരുന്നു ഇടക്കാല ഉത്തരവ്. പ്രതികളെ മജിസ്ട്രേറ്റുമാർക്ക് മുന്നിൽ ഹാജരാക്കുമ്പോഴുളള അതേ സുരക്ഷാ ക്രമീകരണങ്ങൾ ഡോക്ടർമാരുടെ മുന്നിൽ ഹാജരാക്കുമ്പോഴും വേണമെന്ന് കോടതി ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ അതിനുളള നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.
'ദൈവത്തിന്‍റെ കൈകളാണ് ഡോക്ടർമാർ, കൊലപാതകിക്ക് എറ്റവും വലിയ ശിക്ഷ ഉറപ്പാക്കണം'; ഷെയ്ൻ നിഗം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam