
കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്ക് സമീപം ലോട്ടറി വില്‍പ്പനക്കാരിയെ തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതി പൊലീസ് പിടിയിൽ. കൊല്ലപ്പെട്ട പൊന്നമ്മയ്ക്കൊപ്പം ലോട്ടറി വിറ്റിരുന്ന സത്യൻ എന്നയാളെയാണ് ഗാന്ധിനഗര്‍ പൊലീസ് പിടികൂടിയത്. സ്വർണ്ണവും പണവും കൈക്കലാക്കാനാണ് കൊലപാതകം നടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കാണ് കത്തിക്കരിഞ്ഞ നിലയിൽ പൊന്നമ്മയുടെ മൃതദേഹം കണ്ടെത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജിലെ ക്യാൻസര്‍ വാര്‍ഡിന് സമീപത്ത് നിന്ന് ശുചീകരണതൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ആഴ്ചകള്‍ പഴക്കമുള്ള മൃതദേഹം ദ്രവിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. പൊന്നമ്മയുടെ മകളാണ് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജില്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞത്.
സംഭവത്തിൽ പൊന്നമ്മയ്ക്കൊപ്പം ലോട്ടറി വിറ്റിരുന്ന രണ്ട് പേരെ സംശയമുണ്ടെന്ന് മകള്‍ പൊലീസിൽ മൊഴി നല്‍കി. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സത്യനെയും മറ്റൊരാളെയും ഗാന്ധിനഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരേയും രണ്ട് ദിവസം വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊടുംകൊലയുടെ ചുരുളഴിയുന്നത്.
പൊന്നമ്മയുടെ പക്കലുണ്ടായിരുന്ന 40000 രൂപയും 10 പവൻ സ്വര്‍ണ്ണവും കൈക്കാലാക്കാനാണ് കൊലപാതകം നടത്തിയതെന്ന് സത്യൻ പൊലീസിൽ മൊഴി നൽകി. ലോട്ടറി വില്‍പ്പനയിലൂടെ നേടിയ പൊന്നമ്മയുടെ സമ്പാദ്യമായിരുന്നു അത്. പണവും സ്വര്‍ണ്ണവും വീതിക്കണമെന്ന് സത്യൻ പലപ്പോഴായി പൊന്നമ്മയോട് ആവശ്യപ്പെട്ടിരുന്നു. ഇതേചൊല്ലി ഇരുവരും തമ്മിൽ പലപ്പോഴായി വഴക്കിട്ടിരുന്നു.
ജൂലൈ അഞ്ചിനോ ആറിനോ ആയിരിക്കാം കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം. രാത്രി കല്ല് കൊണ്ട് പൊന്നമ്മയുടെ തലയ്ക്ക് അടിച്ച കൊന്ന ശേഷം മൃതദേഹം കാര്‍ഡ് ബോര്‍ഡ് പെട്ടിയിലാക്കി ക്യാൻസര്‍ വാർഡിന് സമീപത്തെ കുഴിയിലേക്ക് എറിയുകയായിരുന്നു. കാട് പിടിച്ച് കിടക്കുന്നതിനാല്‍ മൃതദേഹം ആരുടേയും ശ്രദ്ധയിൽപ്പെട്ടില്ല. മോഷ്ടിച്ച സ്വര്‍ണ്ണം കോട്ടയത്തെ ചില ജ്വല്ലറികളില്‍ സത്യൻ വിറ്റതായി കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam