മാവേലിക്കരയിൽ റിമാന്‍ഡ് പ്രതി ജയിലിൽ മരിച്ച കേസ്; ജയിൽ ഉദ്യോഗസ്ഥനെതിരെ നടപടി

By Web TeamFirst Published Jul 16, 2019, 10:41 PM IST
Highlights

മാവേലിക്കര സബ് ജയിൽ അസിസ്റ്റൻറ് പ്രിസണർ ഓഫീസർ സുജിത്തിനെ സസ്പെന്റ് ചെയ്തു. ജയിലിനുള്ളിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.

തിരുവല്ല: മാവേലിക്കര സബ്ജയിലിൽ റിമാൻഡ് പ്രതിയായിരുന്ന എം ​ജെ ജേ​ക്ക​ബ് മരിച്ച സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥനെതിരെ നടപടി. മാവേലിക്കര സബ്ജയിൽ അസിസ്റ്റന്റ് പ്രിസണർ ഓഫീസർ സുജിത്തിനെയാണ് സസ്പെന്‍റ് ചെയ്തത്. ജയിലിനുള്ളിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തുവാലയുമായി പ്രതി സെല്ലിലെത്തിയത് സുരക്ഷാ വീഴ്ചയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. ദക്ഷിണ മേഖലാ ഡിഐജി എസ് സന്തോഷ്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇതിനിടെ, ജയിൽ ഉദ്യോഗസ്ഥര്‍ക്കെതിരെ വെളിപ്പെടുത്തലുമായി സഹതടവുകാരൻ രംഗത്തെത്തി. മൂന്ന് ഉദ്യോഗസ്ഥർ ചേർന്ന് ജേക്കബിനെ മർദ്ദിച്ചെന്നും ഇക്കാര്യം മജിസ്ട്രേറ്റിനോട് പറഞ്ഞതിന് തനിക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും സഹതടവുകാരനായ ഉണ്ണികൃഷ്ണൻ ആരോപിച്ചു. മാർച്ച് 21ന് റിമാൻഡ് പ്രതിയായിരുന്ന എം ജെ ജേക്കബ് മാവേലിക്കര സബ് ജയിലിൽവെച്ച് മരിക്കുമ്പോൾ സഹതടവുകാരനായിരുന്നു ഉണ്ണിക്കൃഷ്ണൻ. ജേക്കബിന് ജയിലിൽ മർദ്ദനമേറ്റതായി ഉണ്ണിക്കൃഷ്ണൻ മാവേലിക്കര ജുഡീഷ്യൽ മജിസ്ട്രേറ്റിന് നേരത്തെ രഹസ്യമൊഴി നൽകിയിരുന്നു. ഇതേ ക‌ാര്യങ്ങളാണ് ഇന്ന് കോടതിയിൽ ഹാജരാക്കാനെത്തിച്ചപ്പോൾ ഉണ്ണിക്കൃഷ്ണൻ ആവർത്തിച്ചത്. 

ജയിൽ വകുപ്പിനെതിരെയും ഉണ്ണിക്കൃഷ്ണൻ ഇന്ന് കോടതിയിൽ പരാതി എഴുതി നൽകി. രഹസ്യമൊഴി നൽകിയതിന് ശേഷം ജയിൽ അധികൃതർ പീഡിപ്പിക്കുകയാണെന്നും ഉണ്ണികൃഷ്ണൻ ആരോപിച്ചു. വിയ്യൂർ ജയിലിൽ വെച്ച് ദേഹോപദ്രവം ഏൽപ്പിച്ചെന്നും ജയിലിൽ കുടുസ്സുമുറിയിൽ ഒറ്റയ്ക്കാണ് പാർപ്പിച്ചിരിക്കുന്നതെന്നും ഉണ്ണിക്കൃഷ്ണൻ പരാതിയിൽ പറയുന്നു. ഇതിനിടെ ജേക്കബ് ജയിലിൽ മരിക്കാനിടയായ സംഭവത്തിൽ ജയിൽ വകുപ്പ് നടപടി തുടങ്ങി. 

click me!