'ജീവന് ഭീഷണിയുണ്ട്'; സിഎഎക്ക് അനുകൂലമെന്ന് വാര്‍ത്ത നല്‍കിയതിനെതിരെ ഖാസി ത്വാക്ക അഹമ്മദ്

By Web TeamFirst Published Feb 27, 2020, 4:39 PM IST
Highlights

വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് മുസ്ലിം സമുദായം ഖാസിക്കെതിരാണെന്നും ജീവന് ഭീഷണിയുണ്ടെന്നും കാണിച്ചാണ് മകന്‍ കെ ഹുസൈന്‍ മംഗളൂരു പൊലീസില്‍ പരാതി നല്‍കിയത്. 

കാസര്‍കോട്: സിഎഎക്ക് അനുകൂലമായി സംസാരിച്ചെന്ന തരത്തില്‍ വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് പിതാവിന് ഭീഷണിയുണ്ടെന്ന് കാണിച്ച് സമസ്ത കേരള ജംഅയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും ഉപ്പിനങ്ങാടി ജമാഅത്ത് പ്രസിഡന്‍റുമായ ഖാസി ത്വാക്ക അഹമ്മദിന്‍റെ മകന്‍ പൊലീസില്‍ പരാതി വല്‍കി. പൗരത്വ നിയമ ഭേദഗതിക്കനുകൂലമായി സംസാരിച്ചുവെന്ന തരത്തില്‍ പ്രാദേശിക യൂ ട്യൂബ് ചാനല്‍ വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് തന്‍റെ പിതാവിന്‍റെ ജീവന് ഭീഷണിയുണ്ടെന്നും വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് മുസ്ലിം സമുദായം ഖാസിക്കെതിരായെന്നും മകന്‍ കെ ഹുസൈന്‍ മംഗളൂരു പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

സമാധാനത്തെക്കുറിച്ചാണ് തന്‍റെ പിതാവ് സംസാരിച്ചത്. എന്നാല്‍, സിഎഎ, ആര്‍എസ്എസ് അനുകൂലിയായിട്ടാണ് യൂട്യൂബ് ചാനല്‍ പ്രസംഗം എഡിറ്റ് ചെയ്ത് വാര്‍ത്തയില്‍ അവതരിപ്പിച്ചത്. വാര്‍ത്ത പുറത്തായതിനെ തുടര്‍ന്ന് നിരവധി പ്രശ്നങ്ങളുണ്ടായി. അതുകൊണ്ടാണ് പരാതി കൊടുത്തതെന്നും ഹുസൈന്‍ വ്യക്തമാക്കി. ഈയടുത്ത് ഖാസി സഞ്ചരിച്ച കാറിന്‍റെ ടയര്‍ അള്ള് വെച്ച് പഞ്ചറാക്കിയതതിനെ തുടര്‍ന്നാണ് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പരാതി നല്‍കിയത്. തന്നെ അപകടപ്പെടുത്താനാണ് കാറിന്‍റെ ടയറിന് അള്ള് വെച്ചതെന്ന് ഖാസി പൊലീസിനോട് പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് പറഞ്ഞ് ചിലര്‍ വിളിച്ച് വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ബന്ധുക്കള്‍ പറയുന്നു.

ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന വിദേശികള്‍ ആപത്താണെന്നും സമാധാനത്തിന് വേണ്ടിയും വരും കാലത്തെ ആണവ യുദ്ധമൊഴിവാക്കാന്‍ ശ്രീലങ്കയെ ഉള്‍പ്പെടുത്തി അഖണ്ഡഭാരതമെന്ന സങ്കല്‍പ്പത്തെക്കുറിച്ചുമാണ് പ്രസംഗത്തില്‍ സൂചിപ്പിച്ചതെന്നും  അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, വിവാദ പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്ന കേരളത്തിലെ ഭരണ-പ്രതിപക്ഷത്തെ ഖാസി രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഇരുകൂട്ടര്‍ക്കും കേന്ദ്ര സര്‍ക്കാറിനെ താഴെയിറക്കാനാണ് ആഗ്രഹമെന്നും ഖാസി വിവാദ പ്രസംഗത്തില്‍ പറയുന്നു. 

click me!