
കോഴിക്കോട്: മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലീം തീവ്രവാദികളാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. മാവോയിസ്റ്റ് പ്രസ്ഥാനത്തിന് വെള്ളവും വളവും നൽകുന്നത് മുസ്ലീം തീവ്രവാദ ശക്തകളാണ്. കോഴിക്കോട്ടെ പുതിയ കോലാഹലവും സാന്നിധ്യവുമെല്ലാം അതാണ് തെളിയിക്കുന്നത്. മാവോയിസ്റ്റുകളും മുസ്ലീം തീവ്രവാദ പ്രസ്ഥാനങ്ങളും തമ്മിലുള്ള ചങ്ങാത്തത്തെ കുറിച്ച് പൊലീസ് അന്വേഷിക്കണമെന്നും പി മോഹനൻ ആവശ്യപ്പെട്ടു. മാവോയിസ്റ്റകളെ പ്രോത്സാഹിപ്പിക്കുന്നതും കൊണ്ടു നടക്കുന്നതും ഇത്തരം ശക്തികളാണെന്നും പി മോഹനൻ ആരോപിച്ചു.
താമരശ്ശേരിയിൽ കെഎസ്കെടിയു ജില്ലാ സമ്മേളനത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി മോഹനൻ. ഏത് സംഘടനയെ കുറിച്ചാണ് ആരോപണം എന്ന് വ്യക്തമാകാതെയായിരുന്നു പി മോഹനന്‍റെ പ്രസംഗം. കോഴിക്കോട് പന്തീരാങ്കാവിൽ രണ്ട് സിപിഎം പ്രവര്‍ത്തരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണയുണ്ടെന്നും കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ വ്യക്തമാക്കിയിട്ടുണ്ട്.
അറസ്റ്റിലായ അലനും താഹക്കും എതിരായ പാര്‍ട്ടി തല നടപടി സിപിഎം ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായ ഇരുവരും ഇപ്പോഴും റിമാന്‍റിലാണ്. പാര്‍ട്ടി നടപടി പരസ്യപ്പെടുത്തുന്നതിന് മുമ്പാണ് പൊലീസ് മാവോയിസ്റ്റ് ബന്ധം കണ്ടെത്തിയവര്‍ക്ക് പിന്നിൽ മുസ്ലീം തീവ്രവാദ ശക്തികളാണെന്ന അഭിപ്രായ പ്രകടനവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ രംഗത്തെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam