പിൻസീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഉത്തരവിറക്കാന്‍ സര്‍ക്കാര്‍; ഇന്ന് കോടതിയെ അറിയിക്കും

By Web TeamFirst Published Nov 19, 2019, 7:30 AM IST
Highlights

പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയിട്ടുള്ള കേന്ദ്ര നിയമം മറികടന്ന് സംസ്ഥാന സർക്കാർ ഭേദഗതി കൊണ്ടുവന്നത് ചട്ടവിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം കോടതി പറഞ്ഞിരുന്നു.

കൊച്ചി: ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമെറ്റ് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയിട്ടുള്ള കേന്ദ്ര നിയമം മറികടന്ന് സംസ്ഥാന സർക്കാർ ഭേദഗതി കൊണ്ടുവന്നത് ചട്ടവിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം കോടതി പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ചൊവ്വാഴ്ചയ്ക്ക് മുമ്പ് ഉത്തരവിറക്കണമെന്ന് കോടതി അന്ത്യശാസനം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ പുതിയ സർക്കുലർ പുറപ്പെടുവിക്കുന്ന കാര്യം സർക്കാർ ഇന്ന് കോടതിയെ അറിയിക്കും.

പിൻസീറ്റ് ഹെൽമറ്റ് നിർബന്ധമാക്കി ചൊവ്വാഴ്ചക്കകം പുറപ്പെടുവിക്കണമെന്നും ഇല്ലെങ്കിൽ കോടതിയിടപെടുമെന്നാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ബെഞ്ച് കഴിഞ്ഞ ദിവസം സർക്കാരിന് അന്ത്യശാസനം നല്‍കിയത്. കേന്ദ്ര നിയമത്തിനെതിരെ ഭേദഗതി കൊണ്ടുവരാൻ സംസ്ഥാന സർക്കാരിന് അവകാശമില്ലെന്നും ഇത് തിരുത്തണമെന്നും കോടതി നിർ‍ദേശിച്ചു. സർക്കാർ നയം കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി പറഞ്ഞു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ പിൻസീറ്റ് ഹെൽമറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കാനാണ് സംസ്ഥാന സർക്കാർ നീക്കം. 

click me!