
കാസർകോട്: കാസർകോട്ടെ ബിജെപിയിലെ ഭിന്നതയെന്ന ആരോപണത്തിന് പിന്നിൽ മുസ്ലിം ലീഗാണെന്ന് ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വനി. പാർട്ടിയിലോ കെ സുരേന്ദ്രനുമായോ തനിക്ക് ഭിന്നതയില്ലെന്നും വ്യാജ ആരോപണങ്ങൾക്ക് പിന്നിൽ മുസ്ലിം ലീഗാണെന്നും അവർ ആരോപിച്ചു. മഞ്ചേശ്വരത്ത് പ്രധാനമന്ത്രി പ്രചാരണത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ജില്ല പ്രസിഡൻ്റ് അശ്വനി പറഞ്ഞു. സുരേന്ദ്രന്റെ പ്രചാരണത്തിന് ജില്ലാ പ്രസിഡന്റിനെ അറിയിക്കുകയോ പങ്കെടുപ്പിക്കുകയോ ചെയ്യുന്നില്ലെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ, മഞ്ചേശ്വരത്തെ ഇൻചാർജ് താനാണെന്നും ജില്ലാ പ്രസിഡന്റായതിനാൽ മറ്റു മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അശ്വനി പറയുന്നു. എല്ലാ കാര്യങ്ങളും ഞാൻ അറിയുന്നുണ്ട്.
കൂടെ പോകാൻ പറ്റുന്നില്ലെ എന്നത് സത്യമാണ്. അത് മറ്റ് മണ്ഡലങ്ങളിൽ കൂടി ശ്രദ്ധിക്കേണ്ടതിനാലാണ്. താൻ കോർ കമ്മിറ്റിയിൽ പൊട്ടിത്തെറിച്ചു, സഹകരിക്കുന്നില്ല എന്ന് തുടങ്ങിയ വാർത്തകൾ അസത്യമാണെന്നും അവർ പറഞ്ഞു. പാർട്ടിക്കുള്ളിൽ പ്രശ്നങ്ങളില്ല. ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. ബിജെപി പ്രവർത്തകരെ ആശയക്കുഴപ്പത്തിലാക്കാനാണ് ഇത്തരം കള്ളപ്രചരണം ലീഗ് നടത്തുന്നതെന്നും എ ക്ലാസ് മണ്ഡലമായതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും പ്രചാരണത്തിന് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam