'പലതും പുറത്ത് വരും, കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയം വിടണ്ടി വരും, സൂക്ഷിച്ചാൽ കൊള്ളാം', കെ ടി ജലീൽ

By Web TeamFirst Published Aug 7, 2021, 11:45 AM IST
Highlights

സൂക്ഷിച്ച് കൈകാര്യം ചെയ്താൽ കുഞ്ഞാലിക്കുട്ടിക്ക് നല്ലത്. പാണക്കാട് കുടുംബത്തെ വരുതിയിൽ നിർത്താമെന്നാണ് വിചാരമെങ്കിൽ 2006-ൽ സംഭവിച്ചതിനപ്പുറം കാര്യങ്ങൾ നീങ്ങും. കാത്തിരുന്ന് കാണാം - വെല്ലുവിളിച്ച് കെ ടി ജലീൽ. 

മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച് കെ ടി ജലീൽ എംഎൽഎ. മുഈൻ അലി തങ്ങൾക്കെതിരെ നടപടിയെടുത്താൽ കനത്ത വില നൽകേണ്ടി വരും. കുഞ്ഞാലിക്കുട്ടി തന്നെ ഇഡിയുമായി ബന്ധപ്പെട്ട വിഷയം പാണക്കാട് കുടുംബത്തിലെ പലരുമായും സംസാരിച്ചിട്ടുണ്ട്. അറ്റ കൈക്ക് അതൊക്കെ പുറത്ത് വിടേണ്ടി വരും. അതൊക്കെ പുറത്തുവന്നാൽ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും കെ ടി ജലീൽ വെല്ലുവിളിക്കുന്നു. 

എല്ലാ കാര്യങ്ങളും സൂക്ഷിച്ച് കൈകാര്യം ചെയ്താൽ കുഞ്ഞാലിക്കുട്ടിക്ക് നല്ലതാണ്. പാണക്കാട് കുടുംബത്തെ വരുതിയിൽ നിർത്താമെന്നാണ് വിചാരമെങ്കിൽ ആ വിചാരം തെറ്റാണ്. 2006-ൽ സംഭവിച്ചതിനപ്പുറം കാര്യങ്ങൾ നീങ്ങും. എല്ലാം കാത്തിരുന്ന് കാണാമെന്നും കെ ടി ജലീൽ മലപ്പുറത്ത് പറഞ്ഞു. 

കടുത്ത ഭാഷയിലുള്ള വെല്ലുവിളിയാണ് കെ ടി ജലീൽ കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തുന്നത്. മുഈൻ അലി തങ്ങൾ കെ ടി ജലീലുമായി സംസാരിക്കുന്നുണ്ടെന്നും, വിവരങ്ങൾ കൈമാറുന്നുണ്ടെന്നുമുള്ള ആരോപണങ്ങൾ നേരത്തേ തന്നെ ഉയർന്നിരുന്നതാണ്. തങ്ങളെ പിന്തുണച്ച്, എന്നാൽ പി കെ കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി ആക്രമിച്ചാണ് കെ ടി ജലീൽ നേരത്തേയും രംഗത്തെത്തിയത്. ഇപ്പോൾ ജലീൽ മുന്നോട്ട് വയ്ക്കുന്ന ഈ വെല്ലുവിളിയിലൂടെ പാണക്കാട് കുടുംബത്തിൽ നിന്ന് തന്നെ വിവരങ്ങൾ പുറത്തേക്ക് പോകുന്നുവെന്നാണ് പരോക്ഷമായി ജലീൽ തന്നെ പറയുന്നത്. ഇത് ലീഗുകാരെ കൂടുതൽ പ്രകോപിപ്പിക്കുന്നതാണ്. തന്‍റെ പ്രസ്താവനയിലൂടെ മുസ്ലിം ലീഗിലെ ഭിന്നതകൾ, നേതൃത്വത്തിനെതിരായ അപസ്വരങ്ങൾ ഇവയെല്ലാം പരമാവധി മൂർദ്ധന്യത്തിലെത്തിക്കുകയാണ് ജലീലിന്‍റെ ലക്ഷ്യം. 

ദിനപത്രത്തിലൂടെ 10കോടി കള്ളപ്പണം വെളുപ്പിച്ച കേസിൽ പാണക്കാട് കുടുംബത്തെ കുഞ്ഞാലിക്കുട്ടി ചതിച്ചെന്നാണ് ജലീലിന്‍റെ ആക്ഷേപം. പത്രത്തിന്‍റെ ചെയർമാനും എംഡിയുമായ പാണക്കാട് ഹൈദരാലി തങ്ങൾക്ക് ഇഡി വീണ്ടും അയച്ച നോട്ടീസ് ഉയർത്തിക്കാട്ടിയായിരുന്നു ജലീൽ വാർത്താസമ്മേളനം നടത്തിയത്. എല്ലാ ആരോപണങ്ങൾക്കും കുഞ്ഞാലിക്കുട്ടിയുടെ മറുപടി മൗനമാണ്. 

പാണക്കാട്ട് യോഗം

നിലവിൽ പാണക്കാട്ട് നേതൃയോഗം ചേരുകയാണ്. പാണക്കാട് സാദിഖലി തങ്ങളും ബഷീറലി തങ്ങളും ഇതിന് മുന്നോടിയായി ചർച്ചകൾ നടത്തി. കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷമായ വിമർശനം നടത്തിയ മുഈൻ അലി തങ്ങൾക്കെതിരെ പാർട്ടി ചട്ടം ലംഘിച്ചതിന് നടപടിയുണ്ടാവുമെന്നും, എന്ത് നടപടി വേണമെന്ന കാര്യം പാണക്കാട് കുടുംബം തീരുമാനിച്ചിട്ടുമുണ്ടെന്നുമാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. 

നിലവിൽ മുസ്ലിം ലീഗിന്‍റെ ദേശീയ വൈസ് പ്രസിഡന്‍റാണ് മുഈൻ അലി തങ്ങൾ. 

മുഈൻ അലി തങ്ങൾ ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങൾ

ചന്ദ്രിക നേരിടുന്ന പ്രതിസന്ധിക്ക് മറുപടി പറയേണ്ടത് കുഞ്ഞാലിക്കുട്ടിയാണ്. കേന്ദ്ര ഏജന്‍സിയുടെ ചോദ്യം ചെയ്യൽ പാണക്കാട് കുടുംബത്തിൽ എത്താൻ കാരണം കുഞ്ഞാലിക്കുട്ടിയാണ്. ഇതിന്‍റെ മനോവിഷമം കാരണമാണ് ഹൈദരലി തങ്ങൾ രോഗിയായി മാറിയത്. ഇന്നലെ വൻ വാർത്തയായി മാറിയ വാർത്താസമ്മേളനത്തിൽ മുഈൻ അലി തങ്ങൾ ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങളാണ്. 

നോട്ട് നിരോധന കാലത്ത് ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ടില്‍ പത്ത് കോടി രൂപ എത്തിയതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ വീണ്ടും ചോദ്യം ചെയ്യാന്‍ നോട്ടീസ് വിളിപ്പിക്കുകയും ഈ വിഷയത്തില്‍ ലീഗിനതിരെ കെ ടി ജലീല്‍ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തില്‍ ലീഗിന്‍റെ അഭിഭാഷക സംഘടനാ പ്രസിഡന്‍റ് മുഹമ്മദ് ഷാ കോഴിക്കോട്ട് വിളിച്ച വാര്‍ത്താ സമ്മേളനമാണ് അത്യന്തം നാടകീയതയിലേക്ക് വഴിമാറിയത്. 

ചന്ദ്രികയുടെ അക്കൗണ്ടിലത്തിയ പണം  പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ടാണെന്ന ആരോപണം തെറ്റാണെന്നും വരിസംഖ്യയായി പിരിച്ചെടുത്തതാണെന്നും ഷാ വിശദീകരിക്കവെയാണ് മുഈൻ അലി തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞത്. കഴിഞ്ഞ നാലു പതിറ്റാണ്ടു കാലമായി ലീഗിന്‍റെ ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണ്. ചന്ദ്രികയുടെ ഫിനാന്‍സ് ഓഫീസറായി അബ്ദുള്‍ സമീറിനെ നിയമിച്ചതും കു‍ഞ്ഞാലിക്കുട്ടിയാണ്. സ്വാഭാവികമായും ചന്ദ്രിക നേരിടുന്ന പ്രതിസന്ധിക്ക് മറുപടി പറയേണ്ടതും കേന്ദ്ര ഏജന്‍സിയുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടതും കുഞ്ഞാലിക്കുട്ടിയാണെന്നും മുഈൻ അലി പറഞ്ഞു.

ചന്ദ്രികയ്ക്കായി ഭൂമി വാങ്ങിയതിലുള്‍പ്പെടെ ക്രമക്കേട് നടന്നിട്ടുണ്ട്. വാങ്ങിയ ഭൂമി കണ്ടൽക്കാടാണെന്നും മുഈൻ അലി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. പാർട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നും തുറന്നടിച്ച മുഈൻ അലിക്കെതിരെ ഒരു പ്രവർത്തകന്‍റെ അസഭ്യവർഷവും ഉണ്ടായത് ലീഗ് ഹൗസിൽ നാടകീയരംഗങ്ങൾക്കാണ് വഴി വച്ചത്. 
 

click me!