സമസ്തയെ കൂട്ടുപിടിച്ച ഇടതു തന്ത്രം ഗുണം ചെയ്തില്ല; മലപ്പുറത്തെ രണ്ട് സീറ്റിലും ഭൂരിപക്ഷം കൂട്ടി ലീഗ്

Published : Jun 04, 2024, 10:51 PM ISTUpdated : Jun 04, 2024, 10:53 PM IST
സമസ്തയെ കൂട്ടുപിടിച്ച ഇടതു തന്ത്രം ഗുണം ചെയ്തില്ല; മലപ്പുറത്തെ രണ്ട് സീറ്റിലും ഭൂരിപക്ഷം കൂട്ടി ലീഗ്

Synopsis

മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ തിളക്കമാർന്ന വിജയം സ്വന്തമാക്കിയപ്പോൾ രണ്ടിടങ്ങളിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ലീഡ് വർദ്ധിപ്പിക്കുകയും ചെയ്തു. 

ലോക്സഭാ തെര‌ഞ്ഞെടുപ്പിൽ ഒരേയൊരു സീറ്റിൽ മാത്രമൊതുങ്ങിയ ഇടതുപക്ഷത്തിന്റെ പരാജയം പല തരത്തിൽ ചർച്ചയാവുമ്പോൾ മലപ്പുറത്തെ രണ്ട് മണ്ഡലങ്ങളിൽ അതിന് മറ്റൊരു തലം കൂടിയുണ്ട്. എക്കാലത്തും മുസ്ലിം ലീഗുമായി ചേർന്നുനിന്ന മുസ്ലിം പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, ലീഗുമായി ഇടഞ്ഞതും ഈ സാധ്യത ലീഗിനെതിരായ വോട്ടാക്കി മാറ്റി നേട്ടമുണ്ടാക്കാൻ സിപിഎം നടത്തിയ ശ്രമങ്ങളും പാളിപ്പോയത് കൂടിയാണത്. മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ തിളക്കമാർന്ന വിജയം സ്വന്തമാക്കിയപ്പോൾ രണ്ടിടങ്ങളിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ലീഡ് വർദ്ധിപ്പിക്കുകയും ചെയ്തു. 

പൊന്നാനിയിലെ ഇടതുസ്ഥാനാർത്ഥി കെ.എസ് ഹംസയ്ക്ക് സമസ്തയുടെ ഇടതു ചായ്‍വിലൂടെ 70,000 വോട്ടുകളെങ്കിലും അധികമായി കിട്ടുമെന്നായിരുന്നു കണക്കുകൾ. സോഷ്യൽ മീഡിയയിൽ ഇതിന്റെ ഓരോ നിയമസഭാ മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകൾ വരെ പ്രചരിപ്പിച്ചു. ലീഗിന്റെ വഞ്ചനയ്ക്ക് സമസ്ത പ്രവർത്തകരും കുടുംബാംഗങ്ങളും തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്നതായിരുന്നു പ്രധാന പ്രചരണം. പക്ഷേ ഫലം വന്നപ്പോൾ ലീഗിനെ തൊടാൻ പോയിട്ട് പേടിപ്പിക്കാൻ പോലും സമസ്തയ്ക്ക് കഴിഞ്ഞില്ലെന്ന് വേണം അനുമാനിക്കാൻ.

പൊന്നാനിയിൽ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇ.ടി മുഹമ്മദ് ബഷീർ നേടിയത് 1,93,273 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു. ഇത്തവണ സമസ്തയുടെ ഭീഷണി കൂടി വന്നിട്ടും പൊന്നാനിയിൽ മത്സരിച്ച അബ്ദുൽ സമദ് സമദാനിയുടെ ഭൂരിപക്ഷം 2,35,760 ആയി ഉയർന്നു. മലപ്പുറത്താകട്ടെ 2019ൽ മത്സരിച്ച കുഞ്ഞാലിക്കുട്ടി നേടിയത് 2,60,153 വോട്ടിന്റെ ലീഡായിരുന്നെങ്കിൽ ഇത്തവണ ഇത്തവണ മത്സരിച്ച ഇ.ടി മുഹമ്മദ് ബഷീറിന്റെ ലീഡ് 3,01,18 ആയി ഉയർന്നു. സമസ്തയിലെ ലീഗ് വിരുദ്ധ ചേരി ഭീഷണി സൃഷ്ടിക്കുമെന്ന് വിചാരിച്ചിരുന്ന സ്ഥാനത്ത് വൻ മുന്നേറ്റമാണ് എല്ലാറ്റിനെയും അതിജീവിച്ച് ലീഗ് സ്വന്തമാക്കിയത്. 

മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറിനെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് പി. വസീഫും പൊന്നാനിയിൽ സമദാനിക്കെതിരെ, നേരത്തെ ലീഗിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ സംസ്ഥാന സമിതിയംഗം കെ.എസ് ഹംസയുമാണ് മത്സരിച്ചത്. ഹംസയ്ക്ക് സമസ്ത നേതാക്കളുമായുള്ള ബന്ധം എൽഡിഎഫിനെ തുണയ്ക്കുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ലെന്ന് മാത്രമല്ല ലീഗിന്റെ ഭൂരിപക്ഷത്തിൽ വർദ്ധനവാണുണ്ടായത്.

സമസ്തയുടെ എതിർപ്പ് നിലനിന്നപ്പോഴും മലപ്പുറത്തെ രണ്ട് മണ്ഡലങ്ങളിലും ഭൂരിപക്ഷം വർദ്ധിച്ചതോടെ ഇനി സമസ്ത അതിന്റെ വഴിക്ക് പോകട്ടെ എന്നതാണ് ലീഗിന്റെ നിലപാട്. മലപ്പുറത്തിനുമപ്പുറം മലബാറിലെ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിന്റെ ലീഡ് വർദ്ധിപ്പിക്കാനും പാർട്ടികൾക്ക് സാധിച്ചു. പണ്ഡിത സഭ എന്ന നിലയിൽ സമ്മർദ ശക്തിയായി നിന്നിരുന്ന സ്ഥാനത്തു നിന്ന് ലീഗിനോട് ഇടഞ്ഞ് പരസ്യമായ എതിർപ്പ് പ്രകടിപ്പിക്കുകയും അതുകൊണ്ട് കാര്യമായ ഒരു സ്വാധീനവും ഉണ്ടാക്കാൻ സാധിക്കാതിരിക്കുകയും ചെയ്തതോടെ സമസ്തയുടെ ശക്തിയും സ്വാധീനവും ചോദ്യം ചെയ്യപ്പെടാനും ഈ ഫലം ഇടയൊരുക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലെതിരായ ബലാത്സംഗ കേസ്: ആദ്യ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
നാളെ അവധി: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ; നടപടി കടുവ ഭീതിയെ തുടർന്ന്