
പാലക്കാട്: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. പാണക്കാട് തങ്ങളുടെ മെക്കിട്ട് കയറാൻ വന്നാൽ കൈയും കെട്ടി നോക്കി നിൽക്കില്ലെന്നായിരുന്നു ഷാജിയുടെ രൂക്ഷപ്രതികരണം. പിണറായി വിജയൻ സംഘി ആണെന്നും കെഎം ഷാജി വിമർശിച്ചു. പാണക്കാട് തങ്ങളെ അളക്കാൻ മുഖ്യമന്ത്രി വരേണ്ടെന്നും ചന്ദ്രികയിലെ മുഖപ്രസംഗത്തിൽ പറയുന്നു. സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാളാണ് എന്നായിരുന്നു പിണറായി പാലക്കാട് പറഞ്ഞത്.
പിണറായി വിജയൻ പ്രസംഗിച്ചതിങ്ങനെ
''ബാബറി മസ്ജിദ് തകർക്കുന്നതിനെ എല്ലാത്തരത്തിലും ഒത്താശ ചെയ്ത കോൺഗ്രസിന്റെ കൂടെ അന്ന് കേരളത്തിൽ മന്ത്രിമാരായി ലീഗ് തുടർന്നു. ഇതിൽ വ്യാപകമായ അമർഷം ലീഗ് അണികളിൽ തന്നെ. അപ്പോഴാണ് ഒറ്റപ്പാലം തെരഞ്ഞടുപ്പ് വരുന്നത്. ഒറ്റപ്പാലം തെരഞ്ഞെടുപ്പിൽ കണ്ട ഒരു കാഴ്ച, അന്നത്തെ പാണക്കാട് തങ്ങൾ എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന തങ്ങളാണ്. ഇപ്പോഴത്തെ സാദിഖലി തങ്ങളെപ്പോലെയല്ല. സാദിഖലി തങ്ങൾ ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയുടെ സാധാരണ ഗതിയിലുളള ഒരു അനുയായിയുടെ മട്ടിൽ പെരുമാറുന്നയാളാണ്. പക്ഷേ അന്നത്തെ തങ്ങൾ സർവരാലും ആദരിക്കപ്പെട്ട തങ്ങളായിരുന്നു. അദ്ദേഹം ലീഗ് അണികളെ തണുപ്പിക്കാൻ വേണ്ടി വന്നു. ഒരു വീട്ടിൽ വരുമെന്ന് നേരത്തെ അറിയിച്ചു. സാധാരണ തങ്ങൾ വന്നാൽ ഓടിക്കൂടുന്ന ലീഗുകാരെ കാണാനില്ല. അപ്പോൾ തങ്ങളെ ആ വീട്ടിൽ ഇരുത്തിക്കൊണ്ട് ചുറ്റുപാടുമുള്ള ലീഗ് പ്രവർത്തകരെയും ലീഗ് അണികളെയും ആ വീട്ടിലേക്ക് എത്തിക്കാൻ പോയി ചെന്ന് പറയുകയാണ്, തങ്ങൾ വന്നിരിക്കുന്നുണ്ട്. നിങ്ങൾ വേഗം അങ്ങോട്ട് വരണം. ഈ പറഞ്ഞ ആളുകളിൽ പ്രതിഷേധം ഉയർന്നുവരാനിടയായത് എന്തിന്റെ ഭാഗമായിട്ടായിരുന്നു? ഈ പറയുന്ന ശരിയായ നിലപാട് സ്വീകരിക്കാൻ കഴിയാത്തത് കൊണ്ട്.''
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam