
കൊച്ചി: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ ഖബറടക്കം ഇന്ന് ആലങ്ങാട് ജുമാ മസ്ജിദിൽ. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പൊതുദർശനം പൂർത്തിയാക്കി മൃതദേഹം ആലുവയിലെ വീട്ടിലെത്തിച്ചത്. രാവിലെ 9 മണി വരെ വീട്ടിലും പൊതുദർശനമുണ്ടാകും. തുടർന്ന് പത്ത് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ ആലങ്ങാട് ജുമാ മസ്ജിദിൽ സംസ്കാര ചടങ്ങുകൾ നടക്കും.
ഇന്നലെ കളമശേരി ഞാലകം കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ആയിരങ്ങളാണ് പ്രിയനേതാവിനെ കാണാൻ ഒഴുകിയെത്തിയത്. വ്യവസായമന്ത്രി പി രാജീവും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കളും അന്ത്യാഞ്ജലികൾ അർപ്പിച്ചു. ഇബ്രാഹിംകുഞ്ഞിനോടുള്ള ആദരസൂചകമായി മുസ്ലിം ലീഗ് മൂന്ന് ദിവസത്തെ പൊതുപരിപാടികൾ മാറ്റിവച്ചു. കെ സി വേണുഗോപാൽ, പി കെ കുഞ്ഞാലിക്കുട്ടി, മുനവറലി തങ്ങൾ തുടങ്ങിയവർ ആലുവയിലെ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇബ്രാഹിംകുഞ്ഞിന്‍റെ അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു.
ലീഗിലെ ജനകീയനായ നേതാവാവായിരുന്നു വി കെ ഇബ്രാഹിംകുഞ്ഞ്. നാല് തവണ എംഎല്‍എയും രണ്ട് തവണ മന്ത്രിയുമായിരുന്നു ഇബ്രാഹിംകുഞ്ഞ്, മധ്യകേരളത്തിലെ ലീഗിന്‍റെ ജനകീയമുഖമായിരുന്നു. എംഎസ്എഫിലൂടെയാണ് വി കെ ഇബ്രാഹിംകുഞ്ഞ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. 2001 ലും 2006 ലും മട്ടാഞ്ചേരിയില്‍ നിന്ന് മത്സരിച്ചു. 2011ലും, 2016ലും കളമശ്ശേരിയെ പ്രതിനിധീകരിച്ചു. മട്ടാഞ്ചേരി മണ്ഡലത്തിന്‍റെ അവസാന എംഎല്‍എ, കളമശ്ശേരി മണ്ഡലത്തിന്‍റെ ആദ്യ എംഎല്‍എ എന്നീ വിശേഷണങ്ങളും വി കെ ഇബ്രാഹിംകുഞ്ഞിന് സ്വന്തം. 2005 മുതല്‍ 2006 വരെ വ്യവസായ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു വി കെ ഇബ്രാഹിംകുഞ്ഞ്. 2011 മുതല്‍ 2016 വരെ പൊതുമരാമത്ത് മന്ത്രിയായിരുന്നു. മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് നാല് തവണ അദ്ദേഹം എംഎല്‍എയായി. നിലവില്‍ ഐയുഎംഎല്‍ നാഷണല്‍ എക്സിക്യൂട്ടിവ് അംഗമായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam