കെ സുധാകരന്‍റെ ആ‍ർഎസ്എസ് പ്രസ്താവനകൾ, വിവാദം ച‍‍ർച്ച ചെയ്യാൻ മുസ്ലീം ലീ​ഗ് യോ​ഗം 

By Web TeamFirst Published Nov 16, 2022, 6:17 AM IST
Highlights

സുധാകരന്‍റെ പ്രസ്താവനകൾക്കെതിരെ രൂക്ഷ വിമർശനവുമായി നേതാക്കൾ രംഗത്തെത്തിയതിന്റെ പിന്നാലെയാണ് നേതൃയോഗം

 

മലപ്പുറം : കെ പി സി സി പ്രസിഡന്‍റ് കെ.സുധാകരൻ ആർഎസ്എസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകൾ ഇന്ന് മുസ്ലീം ലീഗ് ഉന്നതാധികാരി സമിതി,ഭാരവാഹി യോഗങ്ങളിൽ ചർച്ചയാകും.പാർട്ടി മെമ്പർഷിപ്പ് ക്യാമ്പയിൻ വിലയിരുത്തലാണ് അജണ്ടയെങ്കിലും സുധാകരന്റെ പരാമർശം പ്രധാന ചർച്ചയാകും. സുധാകരന്‍റെ പ്രസ്താവനകൾക്കെതിരെ രൂക്ഷ വിമർശനവുമായി നേതാക്കൾ രംഗത്തെത്തിയതിന്റെ പിന്നാലെയാണ് നേതൃയോഗം.

 

ആര്‍ എസ് എസ് ശാഖയ്ക്ക് പണ്ട് സംരക്ഷണം നല്‍കിയെന്ന് കെ സുധാകരന്‍ പറഞ്ഞതാണ് ആദ്യ വിവാദ പ്രസം​ഗം. കെ.എസ്.യു.വിൽ പ്രവർത്തിക്കുമ്പോൾ കണ്ണൂര്‍ എടക്കാട് മണ്ഡലത്തിലെ ചില ആർ.എസ്.എസ് ശാഖകൾ സംരക്ഷിക്കാൻ ആളെ അയച്ച്‌ സഹായം നൽകിയെന്നായിരുന്നു ആ പരമാർശം. ആര്‍ എസ് എസ് ശാഖകള്‍ക്കെതിരെ സി പി എം അക്രമം അഴിച്ച് വിട്ടപ്പോള്‍ പൗരൻമാരുടെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കുക എന്ന ജനാധിപത്യപരമായ കടമ നിർവഹിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു പിന്നീട് അദ്ദേഹത്തിന്‍റെ വിശദീകരണം. 

ഏറ്റവും ഒടുവില്‍, നെഹ്റുവിലും കെ സുധാകരന് നാക്ക് പിഴച്ചു. ആർഎസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ തന്‍റെ ഒന്നാം മന്ത്രിസഭയിൽ മന്ത്രിയാക്കിക്കൊണ്ട് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വർഗീയതയോട് സന്ധി ചെയ്തെന്ന സുധാകരന്‍റെ പ്രസ്താവനയാണ് വിവാദമായത്. ഇതിന് പിന്നാലെ വിശദീകരണവുമായി കെപിസിസി പ്രസിഡന്‍റ് വീണ്ടും രംഗത്തെത്തി. നെഹ്‌റുവിനെ തമസ്ക്കരിക്കാനും ഗാന്ധിയെ നിന്ദിക്കാനും കോണ്‍ഗ്രസ് മുക്ത ഭാരതം പ്രാവര്‍ത്തികമാക്കാനും ശ്രമിക്കുന്ന സംഘപരിവാറിനെ ജനാധിപത്യമൂല്യങ്ങള്‍ ഓര്‍മ്മപ്പെടുത്താനാണ് പ്രസംഗത്തില്‍ പഴയകാല ചരിത്രം പരാമര്‍ശിച്ചതെന്നും എന്നാല്‍, അതിനിടയിലുണ്ടായ വാക്കുപിഴ ഞാന്‍ മനസില്‍പോലും ഉദ്ദേശിക്കാത്ത തലങ്ങളിലാണ് അതിനെ എത്തിച്ചതെന്നും കെ സുധാകരന്‍ ഏറ്റ് പറഞ്ഞു. 

വിവാദ പ്രസ്താവനകളിൽ ഒറ്റപ്പെട്ട് സുധാകരൻ: വിശദീകരണം തേടി എഐസിസി, അതൃപ്തി പരസ്യമാക്കി നേതാക്കൾ

click me!