
കാസർകോട്: കേരളത്തിലെ ദേശീയപാതാ ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിനെ വിമർശിച്ച് മുസ്ലിം ലീഗ് എംഎൽഎ. മന്ത്രി മുഹമ്മദ് റിയാസിനെ ബോധപൂർവ്വം ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫ് ഫെയ്സ്ബുക്കിൽ കുറിച്ചു. കേവലം ഒരു വ്യക്തിയെ അല്ല ഒഴിവാക്കിയതെന്നും കേരളത്തിലെ മതേതര ജനങ്ങളോടും നമ്മുടെ ഫെഡറൽ സംവിധാനത്തോടുമുള്ള പരസ്യമായ വെല്ലുവിളിയാണിതെന്നും അദ്ദേഹം വിമർശിച്ചു. മന്ത്രി റിയാസിൻ്റെ ചിത്രം പങ്കുവെച്ചുള്ളതാണ് ഫെയ്‌സബുക്കിലെ കുറിപ്പ്.
ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ചത് കേരളത്തിലെ യു.ഡി.എഫ്, എൽ.ഡി.എഫ് സർക്കാറുകളുടെ കാലത്താണ്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിയിൽ സംസ്ഥാനം ഭരിക്കുന്ന സർക്കാരിനെ ഇരുട്ടത്തു നിർത്തുന്നത് ജനാധിപത്യ വിരുദ്ധമാണ്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ മാറ്റിനിർത്തുകയും ബി.ജെ.പി നേതാക്കളെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നത് ബിജെപി സർക്കാറിന്റെ നീചമായ രാഷ്ട്രീയ നിലപാടാണ്. കേരളത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ എഴുതി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam