മാസ്കിനെതിരെ പ്രചരണം നടത്തിയതിന് കേസ്: പിന്നിൽ സിപിഎമ്മെന്ന് മുസ്ലീം ലീഗ്

By Web TeamFirst Published Jun 20, 2020, 4:10 PM IST
Highlights

തിക്കോടി പഞ്ചായത്തിലാണ് മാസ്ക് ധരിച്ചാൽ മരണം വരെ സാധ്യതയുണ്ടെന്ന് പ്രചരിപ്പിക്കുന്ന നോട്ടീസ് വനിതാലീഗ് പ്രവർത്തകർ വിതരണം ചെയ്തത്. 

കോഴിക്കോട്: മാസ്കിനെതിരെ പ്രചാരണം നടത്തിയതിന് പൊലീസ് കേസെടുത്തതിന് പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി  മുസ്ലീം ലീഗ്. ലോകത്തെല്ലായിടത്തും ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങളുടെ ഭാഗമായാണ് മാസ്ക്  സ്ഥിരമായി ധരിക്കുന്നതിലെ അപകടം ചൂണ്ടിക്കാട്ടി പ്രചാരണം നടത്തിയതെന്ന് മൂസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു. 
 
പ്രദേശത്തെ മുസ്ലിംലീഗിൻ്റെ പ്രവർത്തനത്തിൽ അസൂയ പൂണ്ട സി.പി.എം പ്രവർത്തകരാണ് കേസിനു പിന്നിലെന്നും വനിതാ ലീഗ് നേതൃത്വം ആരോപിച്ചു. പയ്യോളി പൊലീസാണ് കൊവിഡിനെ പ്രതിരോധിക്കാൻ മാസ്ക് ധരിക്കുന്നതിനെതിരെ പ്രചാരണം നടത്തിയ സംഭവത്തിൽ വനിതാ ലീഗിനെതിരെ കേസെടുത്തത്. 

തിക്കോടി പഞ്ചായത്തില്‍  കോടിക്കല്‍ പ്രദേശത്തെ 12 ആം വാര്‍ഡിലാണ് വനിതാ ലീഗ് പ്രവർത്തർ മാസ്ക് ധരിക്കുന്നതിനെതിരെ നോട്ടീസ് അച്ചടിച്ച് പ്രദേശത്തെ വീടുകളില്‍ വിതരണം ചെയ്തത്. മാസ്ക് ധരിക്കുന്നത് പലതരം പാർശ്വഫലങ്ങളുണ്ടാക്കുമെന്നും അതു മരണത്തിലേക്ക് വരെ നയിക്കുമെന്നും നോട്ടീസിലുണ്ട്. 

 സംഭവം ശ്രദ്ധയിൽപ്പെട്ട പയ്യോളി സിഐ സ്വന്തം നിലയിൽ കേസെടുക്കുകയായിരുന്നു. കേരള പോലീസ് ആക്ട് 118(e),  പകർച്ചവ്യാധി ഓർഡിനൻസിസ്‌ എന്നീ വകുപ്പുകൾ  പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.


 

click me!