
വയനാട്: കൽപ്പറ്റ സീറ്റ് വേണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ്. മുല്ലപ്പള്ളിയെ കൽപ്പറ്റയിൽ സ്ഥാനാർത്ഥിയായി അംഗീകരിക്കാനാവില്ലെന്നും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി യഹിയാ ഖാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൽപ്പറ്റ സീറ്റ് കോൺഗ്രസിന്റേതെന്ന വാദം അംഗീകരിക്കാനാവില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജെഡിഎസിന്റേതായിരുന്നു ഈ സീറ്റ്. മുസ്ലിം ലീഗിന് ജില്ലയ്ക്കുള്ളിൽ തന്നെ ശക്തരായ സ്ഥാനാർത്ഥികൾ ഉണ്ടെന്ന കാര്യം മറക്കരുതെന്നും യഹിയാ ഖാൻ പറഞ്ഞു. കൽപ്പറ്റ സീറ്റ് മുന്നണിയിൽ ആവശ്യപ്പെടണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. നാളെ കൽപ്പറ്റയിൽ ചേരുന്ന യുഡിഎഫ് യോഗത്തിൽ വിഷയം അവതരിപ്പിക്കുമെന്നും യഹിയാ ഖാൻ പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ മത്സരിക്കാനുള്ള സന്നദ്ധതയ്ക്ക് ഹൈക്കമാന്റിൽ നിന്ന് പച്ചക്കൊടി ലഭിച്ചതായാണ് വിവരം. കോഴിക്കോട്ടുനിന്നോ വയനാട്ടിൽ നിന്നോ മത്സരിക്കാൻ മുല്ലപ്പള്ളി താത്പര്യമറിയിച്ചിട്ടുണ്ട്. കൽപ്പറ്റ മത്സരിക്കാൻ സുരക്ഷിത മണ്ഡലമാണെന്ന് മുല്ലപ്പള്ളി തന്നെ കരുതുന്നത്. അദ്ദേഹത്തിന് അവിടെ നിന്ന് മത്സരിക്കാനാണ് താത്പര്യമെന്നാണ് സൂചനയും.
മുല്ലപ്പള്ളി വടക്കൻ കേരളത്തിൽ മത്സരിക്കുന്നത് അവിടത്തെ കാര്യങ്ങൾ അനുകൂലമാക്കുമെന്നാണ് ഹൈക്കമാന്റ് കണക്കു കൂട്ടുന്നത്. സിപിഎമ്മിന് പൊതുവേ വേരോട്ടമുള്ള വടക്കൻ കേരളത്തിൽ കെപിസിസി അധ്യക്ഷൻ നേരിട്ട് മത്സര രംഗത്തിറങ്ങി, പ്രചാരണത്തിന് ചുക്കാൻ പിടിക്കണമെന്നും, സമിതിയുടെ പ്രവർത്തനങ്ങൾ താഴേത്തട്ടിൽ എത്തിക്കണമെന്നും ഇതിലൂടെ കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നു. ഇതോടൊപ്പം മത്സരിച്ചാൽ വിജയിക്കുമെന്നുറപ്പുള്ള സുരക്ഷിതമണ്ഡലമാണ് മുല്ലപ്പള്ളി തേടുന്നത്. കൽപ്പറ്റ കാലങ്ങളായി യുഡിഎഫിനെ തുണയ്ക്കുന്ന മണ്ഡലമാണ്. രാഹുൽഗാന്ധി എംപിയായ വയനാട് ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗം. ഇവിടെ മത്സരിക്കുന്നതിൽ മുല്ലപ്പള്ളിക്ക് ഏറെ താത്പര്യമുണ്ട് താനും.
കൽപ്പറ്റയല്ലെങ്കിൽ മുല്ലപ്പള്ളിക്ക് താത്പര്യം കോഴിക്കോടാണ്. കാലങ്ങളായി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചുവന്ന സ്വന്തം നാടായ വടകരയിലേക്ക് ഇനി തിരിച്ചുപോകണമെന്ന് മുല്ലപ്പള്ളിക്കില്ല. മത്സരം കടുക്കുമെന്നത് ഒരു ഘടകം. കെ മുരളീധരനുമായി അത്ര നല്ല ബന്ധം മുല്ലപ്പള്ളിക്കില്ലെന്നത് രണ്ടാമത്തെ ഘടകം. ഗ്രൂപ്പ് പോര് ശക്തമായ കൊയിലാണ്ടിയിലേക്ക് പോകണമെന്നും മുല്ലപ്പള്ളിക്കില്ല.