വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‍സിക്ക് വിട്ടതിൽ പ്രതിഷേധം; പരസ്യ പ്രക്ഷോഭങ്ങൾക്ക് തുടക്കമിട്ട് മുസ്ലീം ലീഗ്

By Web TeamFirst Published Nov 23, 2021, 2:15 PM IST
Highlights

ഇതിനിടെ വഖഫ് ബോര്‍ഡ് നിയമനം പിഎസ്‍സിക്ക് വിട്ട തീരുമാനത്തെ താന്‍ സ്വാഗതം ചെയ്തെന്ന് പറഞ്ഞ് കെ ടി ജലീല്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതായി ആരോപിച്ച് മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദ് അലി തങ്ങള്‍ രംഗത്തെത്തി. 

കോഴിക്കോട്: വഖഫ് ബോർഡ് (WAQF Board) നിയമനങ്ങൾ പിഎസ്‍സിക്ക് (PSC) വിട്ട നടപടിക്കെതിരെ പരസ്യ പ്രതിഷേധത്തിന് തുടക്കമിട്ട് മുസ്ലിം ലീഗ് (Muslim League). സംഘപരിവാര്‍ താല്‍പര്യമനുസരിച്ചാണ് സംസ്ഥാന സർക്കാർ പ്രവര്‍ത്തിക്കുന്നതെന്നും തീരുമാനം പിൻവലിക്കും വരെ പ്രക്ഷോഭം നടത്തുമെന്നും ലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖലി ശിഹാബ് തങ്ങൾ പറ‌ഞ്ഞു. 

ഇതിനിടെ വഖഫ് ബോര്‍ഡ് നിയമനം പിഎസ്‍സിക്ക് വിട്ട തീരുമാനത്തെ താന്‍ സ്വാഗതം ചെയ്തെന്ന് പറഞ്ഞ് കെ ടി ജലീല്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതായി ആരോപിച്ച് മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദ് അലി തങ്ങള്‍ രംഗത്തെത്തി. 

വഖഫ് നിയമനങ്ങള്‍ പിഎസ്‍സിക്ക് വിടാനുളള തീരുമാനത്തിനെതിരെ ലീഗ് നേതൃത്വത്തിൽ 15 മുസ്ലീം സംഘനകൾ കോഴിക്കോട് യോഗം ചേര്‍ന്ന് പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ലീഗ് സമരത്തിന് തുടക്കമിട്ടത്. കോഴിക്കോടും മലപ്പുറത്തുമാണ് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്. 

മലപ്പുറത്ത് നിലമ്പൂർ, പെരിന്തൽമണ്ണ, ഏറനാട്, കുണ്ടോട്ടി, തിരൂരങ്ങാടി, തിരൂർ, പൊന്നാനി, താലൂക്ക് ഓഫീസുകൾക്ക് മുന്നിലും സിവിൽ സ്റ്റേഷന് മുന്നിലുമായിരുന്നു പ്രക്ഷോഭം. മലപ്പുറത്ത് സാദിഖലി ശിഹാബ് തങ്ങളും, തിരൂരങ്ങാടിയിൽ പി കെ കുഞ്ഞാലിക്കുട്ടിയും സമരം 
ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിസ്റ്റുകാർ സംഘപരിവാറുമായി ചേര്‍ന്നു നില്‍ക്കുന്നതിന്‍റെ തെളിവാണ് വഖഫ് വിഷയത്തിന്‍റെ സര്‍ക്കാര്‍ നിലപാടെന്നായിരുന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ആരോപണം. 

വഖഫ് ബോർഡ് ചെയർമാനായിരിക്കെ നിയമനങ്ങൾ പിഎസ്‍എസിക്ക് വിട്ട നടപടിയെ താന്‍ സ്വാഗതം ചെയ്‌തെന്ന കെ ടി ജലീലിന്റെ വാദം കല്ലുവച്ച നുണയാണെന്ന് വഖഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു. തെളിവായി അന്ന് നടന്ന യോഗത്തിന്റെ മിനുട്സും തങ്ങള്‍ പുറത്തുവിട്ടു. 

ലീഗ് നേതൃത്വത്തില്‍ വിവിധ മുസ്ലിം സംഘടനകൾ പ്രക്ഷോഭരംഗത്തുണ്ടെങ്കിലും  കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ നേതൃത്വത്തിലുള്ള കേരള മുസ്ലിം ജമാ അത് പരസ്യ പ്രതിഷേധങ്ങളിൽ നിന്നും വിട്ടു നിൽക്കുകയാണ്. 

click me!