കൊച്ചി മേയറെ മാറ്റുന്നതിനെതിരെ മുസ്ലിം ലീഗ്; യുഡിഎഫില്‍ ചർച്ച ചെയ്തിട്ടില്ലെന്ന് പി എം ഹാരിസ്

By Web TeamFirst Published Oct 30, 2019, 8:56 PM IST
Highlights

മേയറെ മാറ്റുന്ന കാര്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ചര്‍ച്ച ചെയ്യാതെ മേയറെ മാറ്റിയാല്‍ മുസ്ലിം ലീഗ് പ്രതിഷേധം അറിയിക്കുമെന്നും പി എം ഹാരിസ്.

കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിനെ മാറ്റുന്നതിനെതിരെ മുസ്ലിം ലീഗ്. മേയറെ മാറ്റുന്ന കാര്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗവും കോര്‍പറേഷൻ കൗണ്‍സിലറുമായ പി എം ഹാരിസ് പറഞ്ഞു. യുഡിഎഫില്‍ ചര്‍ച്ച ചെയ്യാതെ മേയറെ മാറ്റിയാല്‍ മുസ്ലിം ലീഗ് പ്രതിഷേധം അറിയിക്കുമെന്നും ഹാരിസ് പറഞ്ഞു.

മേയറെ മാറ്റുന്ന കാര്യം ലീഗിനെയും അറിയിച്ചിട്ടില്ല. ഇത്തരം പ്രധാന കാര്യങ്ങൾ യുഡിഎഫില്‍ ചർച്ച ചെയ്യാറുള്ളതാണ്. പ്രശ്നങ്ങൾ നേതൃത്വതെ അറിയിച്ചിട്ടുണ്ടെന്നും ഹാരിസ് പറഞ്ഞു. കോര്‍പറേഷൻ ഭരണം നല്ല രീതിയിലാണ് പോകുന്നത്. വെള്ളക്കെട്ട് കനത്ത മഴമൂലം ഉണ്ടായതാണ്. പ്രശ്നത്തിൽ മുഖ്യമന്ത്രി പോലും കോർപറേഷനെ കുറ്റപ്പെടുത്തിയില്ല. വെള്ളക്കെട്ടില്‍ മേയർ കുറ്റക്കാരിയാവില്ലെന്നും പി എം ഹാരിസ് പ്രതികരിച്ചു.

മേയർ മാറ്റവുമായി ബന്ധപ്പെട്ട് സൗമിനി ജെയിനെ കെപിസിസി നേതൃത്വം ഇന്ന് തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച സാഹചര്യത്തിലാണ് പ്രതിഷേധവുമായി ലീഗ് രംഗത്തുവന്നത്. വെള്ളക്കെട്ടിന് മേയർ മാത്രമാണ് ഉത്തരവാദിയെന്ന നിലപാട് ലീഗിനില്ലെന്നും പി എം ഹാരിസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, പാര്‍ട്ടിയുടെ തീരുമാനം എന്തായാലും താന്‍ അത് അംഗീകരിക്കുമെന്ന് സൗമിനി ജെയിന്‍ വ്യക്തമാക്കിയിട്ടുണ്ട്. മേയര്‍ സ്ഥാനം ഒഴിയണോ എന്ന് തീരുമാനിക്കേണ്ടത് കെപിസിസി നേതൃത്വമാണ്. പാര്‍ട്ടി തീരുമാനം വന്നശേഷം പലതും പറയാനുണ്ടെന്നും സൗമിനി ഇന്ന് പ്രതികരിച്ചിരുന്നു. 

Read Also: പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന് സൗമിനി ജെയിന്‍; മേയര്‍ക്ക് പിന്തുണയുമായി എന്‍എസ്എസ്

click me!