Asianet News MalayalamAsianet News Malayalam

പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന് സൗമിനി ജെയിന്‍; മേയര്‍ക്ക് പിന്തുണയുമായി എന്‍എസ്എസ്

സൗമിനി ജെയിന് പിന്തുണയുമായി എറണാകുളം കരയോഗം രംഗത്തെത്തി. സൗമിനി ജെയിനിനെ മാറ്റരുതെന്ന് കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടുവെന്ന് കരയോഗം ജനറല്‍ സെക്രട്ടറി പി രാമചന്ദ്രൻ പറഞ്ഞു. 

Soumini Jain says she will agree party decision
Author
Kochi, First Published Oct 30, 2019, 9:15 AM IST

കൊച്ചി: സൗമിനി ജെയിന്‍ ഇന്ന് രാജിവെച്ചേക്കുമെന്ന സൂചനകള്‍ക്കിടെ പാർട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍. മേയർ സ്ഥാനത്തുനിന്ന് മാറണോയെന്ന് തീരുമാനിക്കേണ്ടത് കെപിസിസി നേതൃത്വമാണ്. പാർട്ടി തീരുമാനം എന്തായാലും അംഗീകരിക്കും. പാർട്ടി തീരുമാനം വന്ന ശേഷം പലതും പറയാനുണ്ടെന്നും സൗമിനി ജെയിന്‍ പറഞ്ഞു. മേയറെ നീക്കാൻ എ, ഐ ഗ്രൂപ്പുകൾ ഒരുമിച്ച് ചരടുവലികൾ നടത്തുന്നതിനിടെ സൗമിനി ജെയിനെ കെപിസിസി പ്രസിഡന്‍റ്  ഇന്ന് തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. അതേസമയം സൗമിനി ജെയിന് പിന്തുണയുമായി എറണാകുളം കരയോഗം രംഗത്തെത്തി. സൗമിനി ജെയിനിനെ മാറ്റരുതെന്ന് കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടുവെന്ന് കരയോഗം ജനറല്‍ സെക്രട്ടറി പി രാമചന്ദ്രൻ പറഞ്ഞു. 

സൗമിനി ജെയിനിനെ മാറ്റുന്നത് മറ്റൊരു സമുദായത്തെ സന്തോഷിപ്പിക്കാനാണ്. എംപിയും എംഎൽഎയുമെല്ലാം ആ സമുദായത്തിൽ നിന്നാണ്. സൗമിനി ജെയിനിനെ മാറ്റിയാൽ സമുദായ സന്തുലനം ഇല്ലാതാകുമെന്നും പി രാമചന്ദ്രൻ പറഞ്ഞു. എറണാകുളം ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞതോടെയാണ് കൊച്ചി മേയറെ മാറ്റണമെന്ന ആവശ്യം ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ ശക്തമായത്. തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരിക്കുന്ന സൗമിനി ജെയിനെ നിലവിലെ സാഹചര്യങ്ങൾ മുല്ലപ്പള്ളി രാമചന്ദ്രൻ ധരിപ്പിക്കും.  മുൻ ധാരണ പ്രകാരം എല്ലാ സ്ഥിരം സമിതി അധ്യക്ഷന്മാരേയും മാറ്റിക്കൊണ്ടുള്ള തീരുമാനവും ഇന്ന് കെപിസിസി അധ്യക്ഷനിൽ നിന്നുണ്ടായേക്കും. സൗമിനി ജെയിനെ മാറ്റാനുള്ള തീരുമാനങ്ങൾക്കിടെ ആരാകും അടുത്ത മേയർ എന്നുള്ള ചർച്ചകളും കൊച്ചിയിൽ സജീവമായി. 

ഫോർട്ട് കൊച്ചിയിൽ നിന്നുള്ള ഷൈനി മാത്യു , പാലാരിവട്ടത്തുനിന്നുള്ള കൗൺസിലർ വികെ മിനിമോൾ എന്നിവരുടെ പേരുകളാണ് ആദ്യപരിഗണനയിൽ. ഗ്രൂപ്പ് സമവാക്യമനുസരിച്ച് പശ്ചിമകൊച്ചി കോണം കൗൺസിലറായ കെ ആർ പ്രേംകുമാറിനെ ഡെപ്യൂട്ടി മേയറാക്കിയാൽ പശ്ചിമകൊച്ചിയിൽ നിന്നും തന്നെയുള്ള ഷൈനി മാത്യുവിന്‍റെ മേയർ സാധ്യതകൾ മങ്ങും,പകരം വി കെ മിനിമോൾ കൊച്ചിമേയറാകും. ഒപ്പം എ  ഗ്രൂപ്പിലെ എംബി മുരളീധരനേയും ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. മേയർ സ്ഥാനം എ ഗ്രൂപ്പിനും ഡെപ്യൂട്ടി മേയർ സ്ഥാനം ഐ ഗ്രൂപ്പിനുമെന്ന ധാരണയും സമുദായിക പരിഗണനയും സ്ഥാനനിർണയത്തിൽ നിർണ്ണായകമാകും.

Follow Us:
Download App:
  • android
  • ios