
കണ്ണൂര്‍: കേന്ദ്രഹജ് കമ്മറ്റി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടിക്ക് (A P Abdullakutty) മുസ്ലിം ലിഗ് നേതാക്കളും പോഷകസംഘടനാ നേതാക്കളും പങ്കെടുത്ത ഇഫ്താർ വിരുന്നിനെച്ചൊല്ലി വിവാദം. എ.ഐ.കെ.എം.സി.സി നേതാവ് അസീസ് മാണിയൂരിന്റെ ചെക്കിക്കുളത്തെ വീട്ടിൽ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടിക്ക് നൽകിയ സ്വീകരണവും നോമ്പുതുറയുമാണ് വിവാദമായിരിക്കുന്നത്. മതവിദ്വേഷം പരത്തുന്ന പിസി ജോർജ്ജിന്റെ പരാമർശം വിവാദമായതിനിടെയാണ് അബ്ദുള്ളക്കുട്ടിക്ക് മുസ്ലീം ലീഗ് പോഷകസംഘടനയുടെ നേതാവ് സ്വീകരണം നല്‍കിയത്.
എ.ഐ.കെ.എം.സി.സിയുടെ നേതൃത്വത്തിൽ അയിലേന്ത്യ പ്രസിഡന്റും ബ്ലാംഗ്ലൂർ കെ.എം.സി.സി നേതാവുമായ എം.കെ.നൗഷാദ്, മുസ് ലിംലീഗ് കണ്ണൂർ ജില്ല സെക്രട്ടറി താഹിർ പുറത്തിൽ, സമസ്ത നേതാവ് സി.കെ.കെ.മാണിയൂർ തുടങ്ങിയവരാണ് അബ്ദുള്ളക്കുട്ടിക്കായി ഒരുക്കിയ ഇഫ്താറിൽ പങ്കെടുത്തത്. സ്വീകരണമൊരുക്കിയ അസീസ് മാണിയൂർ മഹാരാഷ്ട്ര കെ.എം.സി.സി ജനറൽ സെക്രട്ടറിയാണ്. അബ്ദുള്ളക്കുട്ടിക്ക് കഴിഞ്ഞ ദിവസം ചേംബർ ഹാളിൽ നൽകിയ പൗരസ്വീകരണത്തിൽ മുസ് ലിം ലീഗ് നേതാക്കളോ പ്രവർത്തകരോ പങ്കെടുത്തിരുന്നില്ല. പങ്കെടുക്കരുതെന്ന് നേതൃത്വം കർശന നിർദേശം നൽകിയിരുന്നു. എന്നിട്ടും സ്വകാര്യമായി സ്വീകരണമൊരുക്കിയതിൽ ലീഗ് നേതാക്കൾ പങ്കാളിയായതിനെതിരെയാണ് വിമർശനം.
സംഭവം വിവാദമായതോടെ സംസ്ഥാനനേതാക്കളെ പ്രാദേശിക നേതാക്കൾ പരാതി അറിയിച്ചിട്ടുണ്ട്. റംസാൻ അവസാനിക്കാൻ മണിക്കുറുകൾ മാത്രം ബാക്കി നിൽക്കെ ധൃതി പിടിച്ച് സ്വീകരണവും ഇഫ്ത്താറും സംഘടിപ്പിച്ചതിന് പിന്നിൽ കച്ചവട താൽപര്യമുണ്ടോയെന്ന് കൂടി നേതൃത്വം അന്വേഷിക്കുന്നുണ്ട്. അബ്ദുള്ളക്കുട്ടിയുടെ ജേഷ്ഠൻ ഇബ്രാഹിം കുട്ടിയും ചടങ്ങിനുണ്ടായിരുന്നു. സ്വീകരണത്തിന് ശേഷം എഫ്.ബി പോസ്റ്റിലൂടെ വീട്ടിലെ സ്വീകരണത്തിൽ അബ്ദുല്ലക്കുട്ടി വിശിഷ്ടാതിഥിയായി പങ്കെടുത്തുവെന്ന് അസീസ് മാണിയൂർ പരസ്യപ്പെടുത്തിയിരുന്നു. ഇത് നേതൃത്വത്തിന് നേരെയുള്ള വെല്ലുവിളിയായി വിലയിരുത്തപ്പെടുന്നുണ്ട്. നേരത്തെ സിപിഎമ്മിൽ നിന്ന് പുറത്ത് വന്നപ്പോൾ ലീഗിലെത്താൽ അബ്ദുള്ളക്കുട്ടി ശ്രമിച്ചിരുന്നുവെങ്കിലും ഇ അഹമ്മദ് അടക്കമുള്ള നേതാക്കൾ നീക്കത്തിന് തടയിടുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam