P C George : പി സി ജോർജിന്‍റെ ജാമ്യം; കോടതിയില്‍ സംഭവിച്ചത് പരിശോധിക്കുമെന്ന് പി രാജീവ്, നാളെ അപ്പീല്‍ നല്‍കും

Published : May 02, 2022, 11:03 AM ISTUpdated : May 02, 2022, 11:50 AM IST
P C George : പി സി ജോർജിന്‍റെ ജാമ്യം; കോടതിയില്‍ സംഭവിച്ചത് പരിശോധിക്കുമെന്ന് പി രാജീവ്, നാളെ അപ്പീല്‍ നല്‍കും

Synopsis

പി സി ജോർജിൻ്റെ ജാമ്യം അനുവദിച്ചത് എപിപി ഹാജരാകാതിരുന്നത് എന്തുകൊണ്ടാണോ എന്ന് പരിശോധിക്കുമെന്ന് നിയമ മന്ത്രി പി രാജീവ്. 

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ പി സി ജോർജിന്റെ (P C George) ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നാളെ അപ്പീല്‍ നല്‍കും. ജില്ലാ സെഷൻസ് കോടതിയിലാകും അപ്പീൽ നൽകുന്നത്. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷന് കത്ത് നൽകും. അതേസമയം, പി സി ജോർജിൻ്റെ ജാമ്യം അനുവദിച്ചത് എപിപി ഹാജരാകാതിരുന്നത് എന്തുകൊണ്ടാണോ എന്ന് പരിശോധിക്കുമെന്ന് നിയമ മന്ത്രി പി രാജീവ് പ്രതികരിച്ചു. എപിപി ഇല്ലെങ്കിൽ ജയിലിലേക്ക് വിടാറാണ് പതിവ്. സർക്കാരിന് ഇതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഉള്ളതെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേര്‍ത്തു.

മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത പി  സി ജോര്‍ജിന് ഉപാധികളോടെയാണ് കോടതി ഇന്നലെ ജാമ്യം നൽകിയത്. മതവിദ്വേഷ പരാമർശങ്ങൾ നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. പി സി ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ്  കേസില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. പുലർച്ചെ ഇരാറ്റുപേട്ടയിലെ വീട്ടിലെത്തിയ തിരുവനന്തപുരം ഫോർട്ട് പൊലീസ് പി സി ജോർജ്ജിനെ കസ്റ്റഡിയിലെടുത്ത ശേഷം തിരുവനന്തപുരം എആർ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

വെള്ളിയാഴ്ച അനന്തപുരി ഹിന്ദുമഹാ സമ്മേളത്തിലെ വിദ്വേഷ പ്രസംഗത്തിലാണ് മുൻ എംഎൽഎ പി സി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തരേന്ത്യയിലെ ചില തീവ്ര നിലപാടുള്ള നേതാക്കളെ പോലും കടത്തിവെട്ടും വിധത്തിലുള്ള ജോർജിന്‍റെ പ്രസംഗം വൻ വിവാദത്തിലായിരുന്നു. ജോർജിന്‍റെ പ്രസംഗത്തിലെ പരമാർശങ്ങൾക്കെതിരെ യൂത്ത് ലീഗും ഡിവൈഎഫ്ഐയും പൊലീസിൽ പരാതി നൽകിയി. ഇന്നലെ രാത്രി ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്‍റെ തുടർച്ചയായിരുന്നു അതിരാവിലെയുള്ള അപ്രതീക്ഷിത പൊലീസ് നീക്കം. മുൻകൂർ ജാമ്യത്തിനുള്ള അവസരം നൽകാതെ അതിവേഗം അറസ്റ്റിലേക്ക് നീങ്ങാൻ സർക്കാരില്‍ നിന്നും പൊലീസിന് നിർദ്ദേശമുണ്ടായിരുന്നു. ജോർജിനെ സ്വന്തം വാഹനത്തിൽ വരാൻ പൊലീസ് അനുവദിച്ചു. ഒപ്പം വൻ പൊലീസ് സംഘവുമുണ്ടായിരുന്നു. പത്ത് മണി കഴിഞ്ഞതോടെ ജോർജിനെ എആ‌ ർ ക്യാമ്പിലെത്തിച്ചു. പ്രാഥമികമായ ചോദ്യം ചെയ്യലിന് ശഷം അറസ്റ്റ് രേഖപ്പെടുത്തി. 153 എ, 295 എ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. വിദ്വേഷം പരത്തുന്ന വാക്കുകൾ ഉപയോഗിച്ച് സാമൂഹിക ഐക്യം തകർക്കാനും  മനപ്പൂ‍ർവ്വം സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചതിനുമാണ് 153 എ വകുപ്പ് ചുമത്തൽ. വാക്കും പ്രവൃത്തിയും കൊണ്ട് ഒരു മതത്തെയോ മതവികാരത്തെയു വ്രണപ്പെടുത്തിയതിനാണ് സെക്ഷൻ 295 എ യും ചുമത്തിയത്.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും